യു.കെയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുന്നു. കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച അറിയിപ്പുകൾ നൽകി കഴിഞ്ഞു.
ഇന്ന് മുതൽ ജനുവരി രണ്ട് വരെ കർണാടകയിൽ രാത്രി കാല കർഫ്യു പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. “ഡിസംബർ 23 മുതൽ ജനുവരി രണ്ട് വരെ രാത്രി 10 മുതൽ രാവിലെ 6 മണിവരെ സംസ്ഥാനത്ത് കർഫ്യു നടപ്പിലാക്കും. ഈ സമയത്ത് അത്യാവശ്യ സർവീസുകളൊഴിച്ചുള്ള ഒരു വാഹനവും നിരത്തിലിറങ്ങാൻ അനുവദിക്കില്ല.” കർണാടക മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് കർണാടകയിൽ എത്തുന്ന യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോക്ടർ കെ.സുധാകർ പറഞ്ഞു.
മഹാരാഷ്ട്ര മുനിസിപ്പൽ പരിധികളിൽ മാത്രം ഏർപ്പെടുത്തിയിരുന്ന കർഫ്യു ഇനി മുതൽ മറ്റ്സ്ഥലങ്ങളിലേക്കും കൂടി വ്യാപിപ്പിക്കുമെന്ന് മഹാരാഷ്ട്ര സർക്കാരും അറിയിച്ചു. ആവശ്യാർഥം കർഫ്യു ഏർപ്പെടുത്താൻ സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടർമാർക്കും ഗവൺമെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ എത്തുന്ന വിദേശയാത്രക്കാർക്ക് മണിക്കൂറുകൾ കൊണ്ട് കോവിഡ് പരിശോധന ഫലം ലഭ്യമാക്കാൻ വേണ്ട സൗകര്യങ്ങൾ ഡൽഹി വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഡിസംബർ എട്ടിന് ശേഷം യു.പിയിലെത്തുന്ന എല്ലാ അന്താരാഷ്‌ട്ര യാത്രക്കാർക്കും നിർബന്ധിത കോവിഡ് പരിശോധന നടപ്പിലാക്കുമെന്ന് ഉത്തർ പ്രദേശ് സർക്കാരും അറിയിച്ചിട്ടുണ്ട്. യു.കെയിൽ നിന്ന് ഇന്ത്യയിൽ എത്തിയ 20 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്