വാഗമൺ നിശാപാർട്ടി കേസിൽ അറസ്റ്റിലായവരിൽ യുവനടിയും. നിശാ പാർട്ടിക്ക് നേതൃത്വം നൽകിയത് കോഴിക്കോട് മലപ്പുറം സ്വദേശികളാണെന്ന് പൊലീസ് കണ്ടെത്തി. മുൻപും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതികൾ ഇത്തരം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചു.
നടിയും മോഡലുമായ തൃപ്പൂണിത്തുറ സ്വദേശിനി ബ്രിസ്റ്റി ബിശ്വാസ് അടക്കം 9 പേരാണ് വാഗമണ്ണിൽ നിശാ പാർട്ടി സംഘടിപ്പിച്ച കേസിൽ അറസ്റ്റിലായിട്ടുള്ളത്. മറ്റൊരു യുവ നടി കൂടി എത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും പരിശോധന സമയത്ത് എത്തിയിരുന്നില്ല. ലഹരി വസ്തുക്കളല്‍ ഭൂരിഭാഗവും എത്തിച്ചത് തൊടുപുഴ മങ്ങാട്ടുകവല സ്വദേശി അജ്മല്‍ സഹീറാണെന്ന് പൊലീസ് കണ്ടെത്തി. പാര്‍ട്ടിക്ക് നേതൃത്വം നൽകിയത് മലപ്പുറം സ്വദേശി നബീലും കോഴിക്കോട് ഫറൂഖ് സ്വദേശി സല്‍മാനും ചേർന്നാണ്. ഇൻസ്റ്റാഗ്രാം,വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇവർ മറ്റുള്ളവരെ പാർട്ടിയിലേക്ക് എത്തിച്ചത്. നേരത്തെ തന്നെ വാഗമണ്ണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ എത്തിയ സംഘാടകർ നൽകിയ ഉറപ്പിനെ തുടർന്നാണ് മറ്റുള്ളവരും നിശാ പാർട്ടിയില്‍ പങ്കെടുത്തത്.കൊച്ചി, വയനാട് തുടങ്ങി പത്തിലധികം സ്ഥലങ്ങളിൽ സംഘം ഇത്തരത്തിൽ നിശാ പാർട്ടി നടത്തിയിട്ടുണ്ട്. റിമാൻഡിൽ ഉള്ള പ്രതികളെ ഇന്ന് കസ്റ്റഡിയിൽ ലഭിക്കുമെന്നും, കൂടുതൽ പേർക്ക് ഈ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയ 49 പേരെ പൊലീസ് വിട്ടയച്ചിരുന്നു. ആവശ്യമെങ്കിൽ ഇവരെ വീണ്ടും ചോദ്യം ചെയ്യും. അതേ സമയം റിസോർട് ഉടമ ഷാജി കുറ്റിക്കാടിനെ പൊലീസ് പ്രതി ചേർത്തിട്ടില്ല.