അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം. ചൈനീസ് സൈനികർ അതിർത്തി ലംഘിച്ച് ഇന്ത്യൻ ഭാഗത്തേക്ക് കടന്നെന്ന് റിപ്പോർട്ട്. ലേയ്ക്കടുത്തുള്ള നയോമ മേഖലയിലാണ് സൈനികർ എത്തിയത്. നയോമ മേഖലയിലെ ചാങ്താങ് ഗ്രാമത്തിലേക്കാണ് ചൈനീസ് സൈനികര്‍ വന്നത്. രണ്ട് വാഹനങ്ങളിലായാണ് അവര്‍ എത്തിയത്. സിവിലിയൻ വേഷത്തിലെത്തിയ സൈനികരെ നാട്ടുകാർ തടഞ്ഞുവെക്കുകയും പിന്നീട് ഐടിഡിപി സൈനികരെത്തി ഇവരെ തിരിച്ചയക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
സംഭവം നടന്നത് മൂന്നോ നാലോ ദിവസങ്ങള്‍ക്ക് മുമ്പാണ്. പ്രദേശവാസികളാരോ പകര്‍ത്തിയ വീഡിയോ പ്രചരിച്ചത് ഇന്നലെയാണ്. അതിന് ശേഷമാണ് ഇത് വാര്‍ത്തയാകുന്നതും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്നോ സേനയുടെ ഭാഗത്തുനിന്നോ ഔദ്യോഗികമായി ഇനിയും ലഭ്യമായിട്ടില്ല. രണ്ട് ചൈനീസ് വാഹനങ്ങള്‍ സിവില്‍ വേഷങ്ങള്‍ ധരിച്ച സൈനികരുമായി ചാങ്താങ് ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന സംഭവത്തിന്റെ വീഡിയോ ആണ് ഇന്നലെ മുതല്‍ പ്രചരിക്കുന്നത്.
റുഷ്പോ താഴ്വരയില് സമുദ്രനിരപ്പില്‍ നിന്ന് 14,600 ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചാങ്താങ്ങില്‍ കൂടുതലും താമസിക്കുന്നത് ടിബറ്റന്‍ അഭയാര്‍ഥികളും ചാങ്പ നാടോടികളുമാണ്.