Kerala

ഡോ. ബീന ഫിലിപ്പ് കോഴിക്കോട് മേയറാകും

ഡോ. ബീന ഫിലിപ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറാകും. കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കാനത്തില്‍ ജമീല ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ആകും. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. കോഴിക്കോട് പൊറ്റമ്മല്‍ ഡിവിഷനില്‍ നിന്നാണ് ബീന ഫിലിപ്പ് കോര്‍പ്പറേഷന്‍ കൌണ്‍സിലിലേക്കെത്തുന്നത്.

കോട്ടൂളിയില്‍ നിന്ന് മത്സരിച്ച ഡോ. ജയശ്രീയുടെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും ബീന ഫിലിപ്പിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം ജില്ലാകമ്മിറ്റി തീരുമാനിക്കുകയായിരുന്നു. പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകയായ നടക്കാവ് ഗവണ്‍മെന്‍റ് ഗേള്‍സ് സ്കൂളില്‍ പ്രിസം പദ്ധതി നടപ്പാക്കുമ്പോള്‍ പ്രധാനാധ്യാപികയായിരുന്നു ബീന ഫിലിപ്പ്.

2014ല്‍ വിരമിച്ചു. കാനത്തില്‍ ജമീലക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തിത് രണ്ടാമൂഴമാണ്. 2010ല്‍ ജില്ലപഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. നന്മണ്ട ഡിവിഷനില്‍ നിന്നാണ് ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം ജില്ലാകമ്മിറ്റി അംഗമാണ് കാനത്തില്‍ ജമീല. ഇരുവരുടെയും പേരുകള്‍ക്ക് സംസ്ഥാന സമിതിയുടെ അനുമതി ലഭിച്ചതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഈ മാസം 28നാണ് മേയര്‍ തെരഞ്ഞെടുപ്പ്.