കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ്. ആരോപണങ്ങൾ ഉന്നയിച്ചാൽ പോരാ, ജനങ്ങളിലെത്തിക്കാനുള്ള സംഘടനാ സംവിധാനം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍. തിരുവനന്തപുരത്ത് കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമുണ്ടായി. ഗൗരവത്തോടെ വിഷയങ്ങള്‍ പഠിച്ച് ഒരു പൊളിച്ചെഴുത്ത് നടത്തുന്നത് ഉചിതമാകും. യൂത്ത് കോൺഗ്രസ് ചോദിച്ച് വാങ്ങിയ സീറ്റുകളിൽ 80 ശതമാനത്തിലേറെ വിജയിക്കാനായി. നാളെകളിലെങ്കിലും യൂത്ത് കോൺഗ്രസ് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം യൂത്ത് കോൺഗ്രസ്സുകാർക്ക് തന്നെ നൽകണമെന്നും നുസൂർ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.
നുസൂറിന്റെ കുറിപ്പ്
പ്രിയമുള്ള ജനാധിപത്യ വിശ്വാസികളോട് ഹൃദയത്തിൽ ചാലിച്ച അഭിവാദ്യങ്ങൾ യൂത്ത് കോൺഗ്രസ് രേഖപ്പെടുത്തുന്നു. യുവത്വം എന്ന വാക്കല്ല, ചലിക്കുന്ന യുവത്വം എന്നതാണ് പ്രസക്തം. ഇത് മനസിലാക്കി തന്നെയാണ് യൂത്ത് കോൺഗ്രസ് സമര പോരാളികളെ ജനങ്ങൾ ഹൃദയത്തോട് ചേർത്ത് നിർത്തിയത്. എന്നെപ്പോലുള്ള പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ആത്മാഭിമാനത്തോടെ തലയുയർത്തിപ്പിടിക്കാവുന്ന നേട്ടങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ലഭിച്ചിട്ടുണ്ട്. സമര പോരാട്ടങ്ങളിൽ തോളോട് തോൾ ചേർന്ന് നിന്നവരെല്ലാം വിജയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ചോദിച്ചു വാങ്ങിയ സീറ്റുകളിൽ 80%അധികം വിജയിച്ചിട്ടുണ്ട്. ഇടത് കോട്ടകൾ പിടിച്ചെടുത്തു വന്നവരുണ്ട്. പോരാളികൾക്ക് അഭിവാദ്യങ്ങൾ.
നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണുള്ളത്. ഇടത് തരംഗം ഒന്നും കേരളത്തിലില്ല. സ്വാഭാവികമായ ചില വിജയങ്ങൾ അവർക്കുണ്ടായി. ആരോപണം ഉന്നയിച്ചാൽ മാത്രം പോരാ. അത് ജനങ്ങളിൽ എത്തിക്കാനുള്ള സംഘടനാ സംവിധാനമാണ് പ്രധാനം.
തിരുവനന്തപുരത്ത് കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമുണ്ടായി. അത് കണ്ട് പ്രവർത്തകർക്ക് നിരാശയില്ല. നിരാശപ്പെടേണ്ട കാര്യവുമില്ല. ഗൗരവതരത്തോടെ വിഷയത്തെ പഠിച്ച് ഒരു പൊളിച്ചെഴുത്ത് നടത്തുന്നത് ഉചിതമാകും. ഒട്ടനവധി വിഷയങ്ങൾ പാർട്ടിയെ ബാധിച്ചിട്ടുണ്ട്. അത് നേതൃത്വത്തിനോട് തുറന്ന് തന്നെ പ്രതികരിക്കും. ഇപ്പോൾ തലസ്ഥാനത്ത് ഉണ്ടായ പോസ്റ്റർ വിവാദത്തിൽ യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിന് യാതൊരുവിധ പങ്കുമില്ല എന്നതും വാസ്തവമാണ്. നാളെകളിലെങ്കിലും യൂത്ത് കോൺഗ്രസ് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം യൂത്ത് കോൺഗ്രസ്സുകാർക്കു തന്നെ നൽകണം. “I am still youth”. എന്നല്ല “we are with youth” എന്ന് പറയാൻ ഉള്ള മനസ്സ് നേതൃത്വം കാട്ടിയാൽ മതി.