മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) നേതാക്കൾ. ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയ സൗരവ് ദാസും അശുതോഷ് റാങ്കയും കേന്ദ്രസർക്കാരിനും ഡൽഹി പൊലീസിനുമെതിരെ രൂക്ഷ വിമർശനം ഉയർത്തി.
വോട്ടർ പട്ടിക പുതുക്കലിൽ ക്രമക്കേട് ഉണ്ടായെന്നും അത് ബിജെപിക്ക് അനുകൂലമാക്കാനാണെന്നുമാണ് CJPയുടെ ആരോപണം. ജനാധിപത്യ അവകാശങ്ങളെ നിയന്ത്രിക്കുന്ന “അടിയന്തരാവസ്ഥാ സമാന” സാഹചര്യമാണ് ഡൽഹിയിൽ നിലവിലുള്ളതെന്നും നേതാക്കൾ പറഞ്ഞു.
ഡൽഹി വിമാനത്താവളത്തിൽ എത്തിയ CJP നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അനുമതിയില്ലാത്ത പ്രതിഷേധം തടയുന്നതിനുള്ള കരുതൽ നടപടിയായിരുന്നു ഇതെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. പിന്നീട് ഇവരെ വിട്ടയച്ചു.
വിമാനത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത നടപടി നിയമവിരുദ്ധമാണെന്നും പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണെന്നും CJP നേതാക്കൾ ആരോപിച്ചു. ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധത്തിന് തീയതിയും സമയവും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസിന് 24 മണിക്കൂർ സമയം നൽകിയതായും അവർ അറിയിച്ചു.
അതേസമയം, വോട്ടർ പട്ടിക പുതുക്കൽ സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും നിഷേധിച്ചിട്ടുണ്ട്. അനർഹവും ആവർത്തനവുമായ എൻട്രികൾ ഒഴിവാക്കുന്നതിനുള്ള നടപടിയാണിതെന്നാണ് അവരുടെ വിശദീകരണം.
