കൊല്ലം ചിതറയിലെ ബഷീറിന്റെ കൊലപാതകം രാഷ്ട്രീയ പകപോക്കലാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സി.പി.എം. എന്നാല്‍ കൊലപാതകം വ്യക്തിവിരോധം മൂലമാണെന്നും രാഷ്ട്രീയാരോപണം അന്വേഷിക്കുമെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. നിരന്തരം അക്രമസ്വഭാവം കാണിക്കുന്നയാളാണ് പ്രതി ഷാജഹാനെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കേസിലെ രാഷ്ട്രീയ ആരോപണങ്ങളെല്ലാം ബഷീറിന്റെയും ഷാജഹാന്റെയും ബന്ധുക്കള്‍ തള്ളിയിരുന്നു.
മരച്ചീനി കച്ചവടക്കാരനായിരുന്ന ബഷീറിനെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അയല്‍വാസിയായ ഷാജഹാന് കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇരട്ടപ്പേര് വിളിച്ചതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റവും കയ്യേറ്റവുമാണ് കൊലപാതകത്തിലവസാനിച്ചതെന്ന് പൊലീസ് പറയുന്നു. മര്‍ദ്ദിച്ചതിലും പരിക്കേല്‍പ്പിച്ചതിലുള്ള പക മൂലമാണ് ബഷീറിനെ കൊലപ്പെടുത്തിയതെന്ന് ഷാജഹാനും പൊലീസിന് മൊഴി നല്കി.
നിരന്തരം അക്രമസ്വഭാവം കാണിക്കുന്ന ഷാജഹാന് സഹോദരന് സുലൈമാനെ മുന്‍പ് കുത്തിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമുണ്ടോയെന്നും ഷാജഹാന്റെ രാഷ്ട്രീയത്തെക്കുറിച്ചും അന്വേഷിക്കുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയവിരോധമുണ്ടെന്ന് എഫ്.ഐ.ആറില്‍ ചൂണ്ടിക്കാണിക്കുന്നു. സി.പി.എം സജീവ പ്രവര്‍ത്തകനായിരുന്ന ബഷീറിനെ കോണ്‍ഗ്രസുകാരനായ ഷാജഹാന് കരുതിക്കൂട്ടി കൊലപ്പെടുത്തിയെന്നാണ് സി.പി.എമ്മിന്റെ ആരോപണം.
രാഷ്ട്രീയാരോപണം ഷാജഹാന്റെയും ബഷീറിന്റെയും കുടുംബങ്ങള്‍ തള്ളിയെങ്കിലും ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സി.പി.എം. മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് ഇരുവരുടെയും ബന്ധുക്കള്‍ പറയുന്നത്. ഷാജഹാന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തകനല്ലെന്ന് സഹോദരന് സുലൈമാനും വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയാരോപണത്തിനെതിരെ കോണ്‍ഗ്രസ് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പ്രതിയായ ഷാജഹാനെ കോടതിയില്‍ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാന്‍ഡും ചെയ്തു.