India Kerala

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യ വകുപ്പ്

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപന സാധ്യതയെന്ന് ആരോഗ്യ വകുപ്പ്. ഇതേ തുടർന്ന് കൂടുതല്‍ സി.എഫ്.എല്‍.ടിസികള്‍ ഒരുക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയില്‍ 11 പുതിയ സി.എഫ്.എല്‍.ടിസികള്‍ കൂടി തുറക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് നിലവില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപനം ഉയര്‍ന്നേക്കും.

അടുത്ത രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. ഓണം ക്ലസ്റ്റര്‍ പോലെ തെരഞ്ഞെടുപ്പ് ക്ലസ്റ്റര്‍ രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കും. വോട്ടെടുപ്പ് ദിവസത്തിലും പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിനത്തിലും പലയിടത്തും നിയന്ത്രണങ്ങൾ പാളി. ഇത് ഗുരുതര സ്ഥിതി വിശേഷം സൃഷ്ടിക്കുമെന്ന ആശങ്ക ആരോഗ്യ വകുപ്പിനുണ്ട്.

രോഗവ്യാപന സാഹചര്യം വിലയിരുത്തി ഓരോ ജില്ലയിലെയും കോവിഡ് കണക്കുകള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ സി.എഫ്.എല്‍.ടിസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമാണ് തിരുവനന്തപുരത്ത് സി.എഫ്.എൽ.ടി.സികൾ തുറക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫിസർക്കു കളക്ടർ നിർദേശം നൽകിയത്.

1,380 ബെഡ്ഡുകൾ സജ്ജമാക്കാത്തക്കവിധമാണ് ഇവ ഒരുക്കുക. രോഗികളുടെ എണ്ണം കുറഞ്ഞതോടെ ജില്ലയിലെ സി.എഫ്.എൽ.ടി.സികളിൽ 70 ശതമാനത്തോളം ബെഡ്ഡുകൾ നിലവിൽ ഒഴിവുണ്ട്. വിദ്യാലയങ്ങളില്‍ സജ്ജീകരിച്ചിരുന്ന കോവിഡ് ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്‍റ് കേന്ദ്രങ്ങളും ഇൻസ്റ്റിറ്റിറ്റ്യൂഷണൽ ക്വാറന്‍റൈ സെന്‍ററുകളും മാറ്റി സ്ഥാപിക്കാനും നടപടി ആരംഭിച്ചു.