India Kerala

സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; തീരുമാനം മെഡിക്കല്‍ ബോര്‍ഡിന്‍റേത്

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. മെഡിക്കൽ ബോർഡിന്‍റേതാണ് തീരുമാനം. സി.എം രവീന്ദ്രന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി.

സി.എം രവീന്ദ്രന്‍റെ ആരോഗ്യനില സംബന്ധിച്ച് ഫിസിക്കൽ മെഡിസിൻ വിഭാഗം നൽകിയ റിപ്പോർട്ടിന്‍റ അടിസ്ഥാനത്തിലാണ് ഇന്ന് മെഡിക്കൽ ബോർഡ് വീണ്ടും യോഗം ചേർന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. സ്പോണ്ടിലൈറ്റീസിന്‍റെ പ്രശ്നങ്ങൾ ഉണ്ടായതിനാൽ ഒരാഴ്ചത്തെ വിശ്രമം വേണമെന്നും ബോർഡ് നിർദേശിച്ചു. രണ്ടാഴ്ചക്ക് ശേഷം പോസ്റ്റ്കോവിഡ് സെന്‍ററിലും ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലും എത്തി പരിശോധന നടത്തണം.

സി.എം രവീന്ദ്രന്‍റെ രോഗത്തെ കുറിച്ച് വ്യക്തമായി അറിയാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യണമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.കഴിഞ്ഞ മാസം ആറിനും 27 നും ഈ മാസം പത്തിനുമാണ് ചോദ്യംചെയ്യലിനായി ഇ.ഡി, സി,എം രവീന്ദ്രന് നോട്ടീസ് നൽകിയത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മൂന്ന് തവണയും ഹാജരായിരുന്നില്ല. അസുഖം മാറിയ ശേഷം ചോദ്യം ചെയ്യലിനായി വീണ്ടും നോട്ടീസ് നൽകാനാണ് ഇ.ഡിയുടെ തീരുമാനം.