സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയോട് ആക്രോശിച്ച് യുവതി. സിഡ്നിയില്‍ ആസ്ട്രേലിയക്കെതിരായ ട്വന്റി 20 മത്സരത്തിനിടെയായിരുന്നു സംഭവം.
ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന കോഹ്ലിക്ക് നേരെ യുവതി ആക്രോശിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കടുത്ത വാക്കുകളാണ് കോഹ്ലിക്ക് നേരെ യുവതി പ്രയോഗിച്ചത്. യുവതിയുടെ മുഖം വ്യക്തമല്ല. കര്‍ഷക ഐക്യം സിന്ദാബാദ് എന്നും യുവതി പറഞ്ഞു.
പുതിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷക സമരം. കര്‍ഷകരും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച കര്‍ഷക സംഘടനകള്‍ രാജ്യമെമ്പാടുമുള്ള കര്‍ഷകരോട് ഡല്‍ഹിയില്‍ എത്താനും ആഹ്വാനം ചെയ്തു.
സമരത്തിന് ബോക്സിങ് താരം വിജേന്ദര്‍ സിങ് അടക്കമുള്ള കായിക താരങ്ങള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. പഞ്ചാബിലെ പല കായിക താരങ്ങളും പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആരും പ്രതികരിച്ചിട്ടില്ല. ഹര്ഭജന് സിങ് സമരത്തെ പിന്തുണക്കുകയുണ്ടായി- “കൃഷിക്കാരാണ് നമ്മുടെ അന്ന ദാതാവ്. അന്നം തരുന്നവര്‍ക്ക് പറയാന്‍ സമയം നല്‍കണം. അത് ന്യായമല്ലേ? പൊലീസ് നടപടികളില്ലാതെ അവരെ കേള്‍ക്കാനാകില്ലേ? കര്‍ഷകരെ ദയവായി കേള്‍ക്കൂ”- ഹര്ഭജന് സിങ് ട്വീറ്റ് ചെയ്തു.