എയർ ബബിൾ ധാരണപ്രകാരം ഒമാനും ഇന്ത്യക്കുമിടയിലെ വിമാന സർവീസുകളിലെ സീറ്റുകൾ വർധിപ്പിച്ചു. ഓരോ സ്ഥലത്തേക്കുമുള്ള പ്രതിവാര സീറ്റുകളുടെ എണ്ണം ആയിരം വീതമാണ് വർധിപ്പിച്ചത്.
ഇരു രാഷ്ട്രങ്ങളിലെയും ദേശീയ വിമാന കമ്പനികൾ ആഴ്ചയിൽ ആറായിരം സീറ്റുകൾ എന്ന തോതിലായിരിക്കും സർവീസ് നടത്തുക. ഇതോടെ പ്രതിവാര സീറ്റുകളുടെ മൊത്തം എണ്ണം പതിനായിരത്തിൽ നിന്ന് 12000മായി ഉയരും. ഇപ്പോൾ അയ്യായിരം സീറ്റുകൾ വീതമാണ് സർവീസ്. സീറ്റുകൾ വർധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മസ്കത്തിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു.
എയർ ഇന്ത്യ ദൽഹിയിലേക്കും മുംബൈയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സർവീസ് പ്രഖ്യാപിച്ചത്. നവംബർ ആദ്യ വാരം പ്രതിവാര സീറ്റുകളുടെ എണ്ണം അയ്യായിരമായി കുറച്ചതിനെ തുടർന്ന് ഇന്ത്യക്കും ഒമാനുമിടയിലെ സർവീസുകൾ നിർത്താൻ ബജറ്റ് വിമാന കമ്പനികളോട് ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം നിർദേശിച്ചിരുന്നു.