Economy

കര്‍ഷകര്‍ക്കൊപ്പമെന്ന് വേദിയില്‍ മുദ്രാവാക്യം: കേന്ദ്രമന്ത്രിയില്‍ നിന്ന് അവാര്‍ഡ് നിരസിച്ച് കാര്‍ഷിക ശാസ്ത്രജ്ഞന്‍

രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് കര്‍ഷകസമരത്തിന് പ്രത്യക്ഷമായും പരോക്ഷമായും ഉള്ള പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ, കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങിയിരിക്കുകയാണ് ഒരു കാര്‍ഷിക ശാസ്ത്രജ്ഞന്‍. മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. വരീന്ദര്‍പാല്‍ സിംഗാണ് വേദിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങിയത്.

പഞ്ചാബ് കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രിന്‍സിപ്പല്‍ സോയില്‍ കെമിസ്റ്റാണ് ലുധിയാനയില്‍ നിന്നുള്ള ഡോ. വരീന്ദര്‍പാല്‍ സിംഗ്. ഫെര്‍ട്ടിലൈസേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്. തിങ്കളാഴ്ചയായിരുന്നു അവാര്‍ഡ് ദാനം. കാര്‍ഷിക മേഖലയിലെ സംഭാവനകളാണ് 48കാരനായ വരീന്ദര്‍ പാല്‍ സിംഗിനെ ഗോള്‍ഡന്‍ ജൂബിലി പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

അവാര്‍ഡിനായി വരീന്ദര്‍പാല്‍ സിംഗിന്‍റെ പേര് വിളിച്ചപ്പോള്‍, വേദിയിലെത്തിയ ശേഷം പുരസ്‌കാരം നിരസിക്കുന്നതായി വരീന്ദര്‍പാല്‍ സിംഗ് അറിയിക്കുകയായിരുന്നു. മാത്രമല്ല, കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത് വേദിയില്‍ വെച്ച് ഫെര്‍ട്ടിലൈസേഴ്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ഡോ. സതീഷ് ചന്ദറിന് കൈമാറുകയും ചെയ്തു. ഞാനൊരു രാഷ്ട്രീയക്കാരനോ ഭീകരവാദിയോ അല്ല എന്ന് പ്രധാനമന്ത്രിക്കുള്ള കത്തില്‍ വരീന്ദര്‍ പാല്‍ സിംഗ് പറഞ്ഞിരിക്കുന്നു.