Kerala

അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.

സോപ്പിട്ട് മാസ്കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട് ആദ്യ മണിക്കൂറുകളില്‍. ആദ്യ മണിക്കൂറില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. മൂന്ന് മുന്നണികളും വന്‍ വിജയം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ വലിയ വിജയം തേടുമെന്ന് മന്ത്രിമാരായ ജെ മേഴ്സികുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും എം എം മണിയും പ്രതികരിച്ചു. പരാജയം ഉറപ്പായതുകൊണ്ടാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഒളിച്ചോടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ഭരണ മാറ്റത്തിന്‍റെ തുടക്കമാകും ഈ തെരഞ്ഞെടുപ്പ്. യുഡിഎഫ് വന്‍വിജയം നേടും. അഴിമതി സര്‍ക്കാരിനെതിരെ ജനം വിധിയെഴുതും. കേരളത്തില്‍ ബിജെപിക്ക് ഒരിഞ്ച് സ്ഥലം പോലും ജനങ്ങള്‍ കൊടുക്കില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. ബിജെപി മികച്ച വിജയം നേടുമെന്ന് കുമ്മനം രാജശേഖരനും തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കുമെന്ന് സുരേഷ് ഗോപിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അഞ്ച് ജില്ലകളിലായി 24,584 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 88,26,620 വോട്ടർമാർ ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തും. 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്.

ഇന്നലെ മുതല്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ ഇന്ന് ആറ് മണിക്ക് ശേഷം പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തണം. പോളിങ് നടക്കുന്ന 11225 ബൂത്തുകളും അണുവിമുക്തമാക്കി. പോളിങിന്‍റെ ചുമതലയുള്ള 56122 ഉദ്യോഗസ്ഥരും ബൂത്തുകളുടെ ചുമതല ഏറ്റെടുത്തു. 16968 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. അഞ്ച് ജില്ലകളിലെ 1722 പ്രശ്നബാധിത ബൂത്തുകളിലും പ്രത്യേകം പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.