സൗദിയില്‍ സ്വകാര്യ മേഖല ജീവനക്കാര്‍ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതോടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയും അവസാനിക്കുമെന്ന് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍. പുതിയ സ്പോണ്സര്ക്ക് കീഴില്‍ പുതുതായി പോളിസി എടുത്താല്‍ മാത്രമേ പരിരക്ഷ ലഭിക്കുകയുള്ളുവെന്നും കൗണ്‍സില്‍ വിശദീകരിച്ചു.
സൗദിയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തേണ്ട നിര്‍ബന്ധ ബാധ്യത സ്പോണ്‍സര്‍ക്കാണ്. സ്പോണ്‍സറുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് പോളിസി ഉറപ്പ് വരുത്തിയാല്‍ മാത്രമേ അവരുടെ താമസരേഖ ഉള്‍പ്പടെയുള്ളവ പുതുക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും സാധിക്കുകയുള്ളൂ. എന്നാല്‍ തൊഴിലാളി സ്പോണ്‍സര്‍ഷിപ്പ് മാറ്റം നേടിക്കഴിയുന്നതോടെ നിലവിലെ മെഡിക്കല്‍ പോളിസി അസാധുവാകുമെന്ന് കൗണ്‍സില്‍ ഓഫ് കോ ഓപ്പറേറ്റീവ് ഇന്‍ഷൂറന്‍സ് വ്യക്തമാക്കി.
നിലവിലെ പോളിസിക്ക് കാലാവധി എത്രയുണ്ടെങ്കിലും പഴയ സ്പോണ്സര്ക്ക് കീഴിലുള്ള ഇന്‍ഷൂറന്‍സ് അതോടെ അവസാനിക്കും. പുതിയ സ്പോണ്സര്ക്ക് കീഴില്‍ പുതിയതായി പോളിസിയെടുത്താല്‍ മാത്രമേ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുവെന്നും കൗണ്‍സില്‍ വിശദീകരിച്ചു. മുന്‍ സ്പോണ്സര്ക്ക് കീഴില്‍ എടുത്ത ഇന്‍ഷൂറന്‍സിന് കാലാവധി ഉണ്ടായിരിക്കേ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് തൊഴിലാളി കൗണ്‍സിലെ സമീപിച്ചതിനെ തുടര്‍ന്നാണ് വിശദീകരണം നല്‍കിയത്.