പള്ളികളിൽ പൂർണമായും പൗരന്മാരായ ഇമാമുമാരെ നിയമിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലുള്ള പള്ളികളിലും നിയമം നടപ്പിലാക്കും. പള്ളികളിലെ പ്രഭാഷണങ്ങളിലും നോട്ടീസ് വിതരണങ്ങളിലും സുരക്ഷയുടെ ഭാഗമായി നിയന്ത്രണം വരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.
സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിൽ ഭൂരിഭാഗവും സ്വദേശികളാണ്. എന്നാൽ ചില കച്ചവട കേന്ദ്രങ്ങളിലും സ്ഥാപനങ്ങളോട് ചേർന്നുമുള്ള പള്ളികളിൽ ഇമാമുമാരായി വിദേശികളുണ്ട്. സുരക്ഷാ വിഷയം ചൂണ്ടിക്കാട്ടി സ്വദേശികളെ തന്നെ നിയമിക്കാനാണ് ശ്രമം. ഇതിനായി ഇസ്‍ലാമികകാര്യ മന്ത്രാലയവും മുനിസിപ്പൽ മന്ത്രാലയവും ചേർന്ന് പദ്ധതി തയ്യാറാക്കും.
പള്ളികളിൽ ഓരോ വെള്ളിയാഴ്ചയും നടത്തുന്ന ഖുതുബകളുടെ വിഷയം നേരത്തെ ഏകീകരിച്ചിരുന്നു. ഈ വിഷയങ്ങളിൽ ഊന്നി മാത്രമേ ഇമാമുമാർ സംസാരിക്കാൻ പാടുള്ളൂ. ഇത് നിരീക്ഷിക്കാൻ റെക്കോർഡിങ് സംവിധാനവുമുണ്ട്. തീവ്ര ചിന്താഗതികൾ പ്രഭാഷണത്തിലൂടെ സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിൽ ക്രമീകരണം കൊണ്ടുവന്നത്.
രാജ്യത്തെ പള്ളികളിൽ വിശുദ്ധ ഖുർആൻ ഒഴികെയുള്ള പുസ്തകങ്ങൾ വെക്കുന്നതിനും നിയന്ത്രണമുണ്ട്. നോട്ടീസ് വിതരണവും വെള്ളിയാഴ്ച ഖുത്ബക്ക് ശേഷമുള്ള വിവിധ പ്രഭാഷണങ്ങൾക്കും നിയന്ത്രണം കൊണ്ടു വരും. രാജ്യ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ക്രമീകരണങ്ങൾ.