ഇന്ത്യയുടെ എക്കാലത്തേയും മികച്ച അത്ലറ്റുകളില് ഒരാളാണ് മലയാളിയായ അഞ്ജു ബോബി ജോര്‍ജ്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലടക്കം ഇന്ത്യക്കായി മെഡല്‍ നേടിയ അഞ്ജു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ജനിക്കുമ്പോൾ തന്നെ തനിക്ക് ഒരു വൃക്കയേ ഉണ്ടായിരുന്നുള്ളൂവെന്ന് അഞ്ജു ട്വിറ്റ് ചെയ്തു.
”വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികള്‍ അടക്കം അലര്‍ജിയാണ്. ഒപ്പം ഒരുപാട് പരിമിതികളുമുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി” -അഞ്ജു ട്വിറ്ററിൽ കുറിച്ചു.
ഒരു വൃക്ക മാത്രമാണ് തനിക്കുള്ളതെന്ന് സ്കാനിങിലൂടെയാണ് മനസ്സിലായത്. ലോകത്ത് തന്നെ ഇത്തരം അത്ലറ്റുകൾ അപൂർവമാണ്. തനിക്ക് വേദനസംഹാരികൾ അലർജിയാണെന്നും എന്നിട്ടും പരിമിതികളെ മറികടക്കാൻ സാധിച്ചുവെന്നും അഞ്ജു കുറിച്ചു. നേട്ടങ്ങൾക്ക് പിന്നിൽ ഭർത്താവും പരിശീലകനുമായ റോബർട്ടിന് വലിയ പങ്കുണ്ടെന്നും അവർ വ്യക്തമാക്കി.