Kerala

സർക്കാർ പ്രചരണത്തിനുള്ള പി.ആർ ഏജൻസിയുടെ ടെണ്ടർ മാനദണ്ഡങ്ങളിൽ ഇളവ്

സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ജനങ്ങളിലെത്തിക്കാനായി ദേശീയ തലത്തിലുള്ള പി.ആര്‍ ഏജന്‍സിയെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി. 50 ലക്ഷം രൂപയുടെ പദ്ധതികള്‍ തുടര്‍ച്ചയായ മൂന്ന് സാമ്പത്തിക വര്‍ഷം ചെയ്ത പ്രവര്‍ത്തി പരിചയം വേണമെന്നതടക്കമുള്ള വ്യവസ്ഥയിലാണ് നിര്‍ണായക ഇളവ് വരുത്തിയിരിക്കുന്നത്. 15 ലക്ഷം രൂപയുടെ പദ്ധതികളുടെ പ്രവര്‍ത്തി പരിചയം മതിയെന്നാക്കിയാണ് പുതിയ ഉത്തരവില്‍ വിശദീകരിക്കുന്നത്. തുടര്‍ന്ന് റീടെണ്ടര്‍ ചെയ്യാനുള്ള നടപടിയും തുടങ്ങി.

ടെണ്ടറില്‍ കൂടുതല്‍ പങ്കാളിത്വം നല്‍കാനെന്ന പേരിലാണ് മാനദണ്ഡങ്ങളില്‍ വലിയ ഇളവ് നല്‍കിയത്. 6 ഇനങ്ങളിലാണ് മാറ്റം. വെബ് ഡെവലപ്പര്‍, സോഷ്യല്‍ മീഡിയ മാനേജ്‍മെന്റ്, സോഷ്യല്‍ മീഡിയ നെറ്റ്‍വര്‍ക്ക്, പി.ആര്‍, കാമ്പയിന്‍ തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തി പരിചയത്തിലാണ് കാതലായ മാറ്റം.

തുടര്‍ച്ചയായി മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ഓരോ വര്‍ഷവും 50 ലക്ഷം രൂപയുടെ പദ്ധതി സര്‍ക്കാര്‍ സര്‍ക്കാര്‍ ഇതര മേഖലകളിലായി നടത്തിയതായിരുന്നു ആദ്യ ടെണ്ടറിലെ പ്രവര്‍ത്തി പരിചയം. എന്നാല്‍ റീ ടെണ്ടറില്‍ ഇത് 15 ലക്ഷം രൂപയാക്കി കുറച്ചു. സോഷ്യല്‍ മീഡിയ വിദഗ്ധരായ അഞ്ച് പേരെ കരാറെടുക്കുന്ന സ്ഥാപനത്തിന്‍റെ തിരുവനന്തപുരത്തെ നഗരത്തിലെ ഓഫീസില്‍ നിയമിക്കണമെന്ന ആദ്യ ടെണ്ടറിലെ വ്യവസ്ഥയിലും മാറ്റം വരുത്തി. അഞ്ച് പേരെ തിരുവനന്തപുത്ത് ലഭ്യമാക്കണമന്നതാണ് പുതിയ നിര്‍ദേശം.

നേരത്തെയുള്ള ആര്‍എഫ്‌പി പ്രകാരം ലഭിച്ച ടെണ്ടര്‍ അപേക്ഷകള്‍ തുറക്കാതെയാണ് റീ ടെണ്ടര്‍ നടപടികളിലേക്ക് കടന്നത്.