ജീവനക്കാർക്കിടയിൽ കോവിഡ് ഭീതി നിലനിൽക്കുമ്പോൾ, ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ചത് ആശങ്കയാകുന്നു. ഇന്നലെ മാത്രം 24 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തീർത്ഥാടകർക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് ആരംഭിക്കും.
സേവനം കഴിഞ്ഞിറങ്ങിയ 17 പേർക്കാണ് ഇന്നലെ കോവിഡ് കണ്ടെത്തിയത്. കൊല്ലം സിറ്റി പൊലീസിൽ നിന്നും ഡ്യൂട്ടിക്കെത്തിയ 13 പേർക്കും ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ നാലുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സന്നിധാനത്ത്, പുണ്യം പൂങ്കാവനം ഡ്യൂട്ടിയിലുള്ള, രണ്ട് പൊലീസുകാർ, ഒരു ഐ.ആർ.ബി സേനാംഗം, ശബരിമല വിശുദ്ധി സേനയിലെ നാല് ജീവനക്കാർ എന്നിവർക്കും പമ്പയിൽ നടത്തിയ റാപ്പിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.
ജീവനക്കാർക്കിടയിലെ രോഗവ്യാപനം കണക്കിലെടുത്ത് രണ്ടാം ഘട്ടത്തിൽ സേവനത്തിനെത്തിയ പൊലീസുകാരെ പുതിയ ബാരക്കിലേക്ക് മാറ്റി. കൂടുതൽ ഭക്തർ എത്തുമ്പോൾ നിലവിലെ ക്രമീകരണങ്ങൾ മതിയെന്നാണ് ദേവസ്വം ബോർഡും പൊലീസും പറയുന്നത്. ആവശ്യമെങ്കിൽ മാത്രമേ നിലയ്ക്കലിൽ, കൂടുതൽ ലാബുകൾ അനുവദിക്കേണ്ടതുള്ളു എന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. നിലവിൽ നാല് കോവിഡ് പരിശോധന ലാബുകളാണ് നിലയ്ക്കലിൽ ഉള്ളത്. സന്നിധാനത്ത് തുടരുന്ന ജീവനക്കാർക്കെല്ലാം പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. പ്രതിദിനം രണ്ടായിരം പേർക്കും ആഴ്ച അവസാനങ്ങളിൽ മൂവായിരം തീർത്ഥാടകർക്കും പ്രവേശനം നൽകാനാണ് സർക്കാർ തീരുമാനം.