മകൻ റിബൽ സ്ഥാനാർത്ഥിയായതിൻറെ പേരിൽ പിതാവിനെതിരെ നടപടി സ്വീകരിച്ച് സിപിഐഎം. തിരുവനന്തപുരം മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല വാർഡിലാണ് മകന്റെ സ്ഥാനാർത്ഥിത്വം പിതാവിൻറെ സ്ഥാനം തെറിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ലോക്കൽ കമ്മിറ്റിയംഗം കൂടിയായ പിതാവിനെ പാർട്ടി ഒഴിവാക്കിയത്.
കണ്ടല വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി മുഹമ്മദ് ഷെഫീഖ് ആണ് സിപിഐഎമ്മിനെതിരെ റിബലായി മത്സരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇടതുമുന്നണിയുടെ പരിഗണനാ പട്ടികയിലുണ്ടായിരുന്നയാളാണ് ഇദ്ദേഹം. എന്നാൽ, അവസാന നിമിഷം മറ്റൊരാളെ രംഗത്തിറക്കിയതിൽ പ്രതിഷേധിച്ച് ഷെഫീഖ് റിബലാവുകയായിരുന്നു. മകൻ റിബൽ സ്ഥാനാർത്ഥിയായതോടെ ശരിക്കും പെട്ടത് ലോക്കൽ കമ്മിറ്റി അംഗം കൂടിയായ പിതാവ് ജലാലുദ്ദീനാണ്. വാർഡിൻറെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയും പിതാവിനായിരുന്നു. നോമിനേഷൻ പിൻവലിപ്പിക്കാൻ പലരും ഇടപെട്ടെങ്കിലം ഷെഫീഖ് വഴങ്ങിയില്ല. മത്സരരംഗത്ത് നിന്ന് മകൻ പിന്മാറാത്തതിനാൽ പിതാവിനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് പാർട്ടി. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് പിതാവിനെ ഒഴിവാക്കുകയായിരുന്നു.
ചിലരുടെ വ്യക്തിതാത്പര്യങ്ങളാണ് തൻറെ സ്ഥാനാർത്ഥിത്വത്തിന് തടസ്സമായതെന്ന് ഷെഫീഖ് പറയുന്നു. ഷെഫീഖ് ഉൾപ്പെടെ 3 പേരാണ് മാറനല്ലൂർ പഞ്ചായത്തിൽ സിപിഐഎം റിബലുകളായി രംഗത്തുളളത്. ഇവർക്കെതിരെ ജില്ലാ കമ്മിറ്റിയോട് നടപടിക്ക് ശുപാർശ ചെയ്തിരിക്കുകയാണ് ലോക്കൽ കമ്മിറ്റി.