അതിർത്തി കടന്നെത്തുന്ന ഒരു ഭീകരനും ജീവനോടെ തിരികെ പോവില്ലെന്ന് കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. നഗ്രോട്ടയിൽ നടന്ന സൈനിക നീക്കത്തിനു പിന്നാലെയാണ് പാകിസ്താനെ പേരെടുത്ത് പരാമർശിക്കാതെ കരസേനാ മേധാവി മുന്നറിയിപ്പ് നൽകിയത്. വ്യാഴാഴ്ച പുലർച്ചെ കശ്മീരിലെ നാഗ്രോട്ടയിൽ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു.
“ഇത് വളരെ വിജയകരമായ ഒരു ദൗത്യമായിരുന്നു. സേനയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ശക്തിയാണ് ഇതിൽ നിന്ന് വ്യക്തമായത്. അതിർത്തി കടന്നെത്തുന്ന എതിരാളികൾക്കും ഭീകരർക്കുമുള്ള വ്യക്തമായ സന്ദേശമാണ് ഇത്. ഇങ്ങനെയായിരിക്കും അവരോടും പെരുമാറുക. ഒരാളും തിരികെ പോവില്ല”- കരസേനാ മേധാവി പറഞ്ഞു.
നാല് ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് രാവിലെ സുരക്ഷാസേന വധിച്ചത്. ട്രക്കിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് പരുക്കേറ്റു. തുടർച്ചയായുണ്ടാകുന്ന പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനങ്ങളുടെ മറവിൽ ഭീകരർ നുഴഞ്ഞു കയറുമെന്ന് രഹസ്യവിവരത്തെത്തുടർന്ന് തന്ത്രപ്രധാന മേഖലകളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുലർച്ചെ അഞ്ചു മണിയോടെ ബാൻ ടോൾ പ്ലാസയിൽ എത്തിയ ട്രക്കിൽ നിന്ന് സുരക്ഷാ സംഘത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയത്.