സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. ലൈംഗീകാതിക്രമം ഉള്‍പ്പടെയുള്ളവയെക്കുറിച്ച് വിവരം ലഭിച്ചാല്‍ ആദ്യം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണം. കഴമ്പുള്ള പരാതികളിൽ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥന് ശിക്ഷിക്കപ്പെടാമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിൽ പാളിച്ചകൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഡി.ജി.പി വീണ്ടും മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കി ഉത്തരവിറക്കിയത്. ജില്ലാ പോലീസ് മേധാവികൾക്കും എസ്എച്ച്ഒമാർക്കുമടക്കം കൈമാറിയ സുപ്രധാന നിർദ്ദേശങ്ങൾ പ്രകാരം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ചാല്‍ തങ്ങളുടെ അധികാര പരിധിയല്ലെന്ന കാരണം പറഞ്ഞ് കേസെടുക്കാതിരിക്കരുത്. ലൈംഗീകാതിക്രമത്തെ കുറിച്ചുൾപ്പെടെ വിവരം ലഭിച്ചാല്‍ ആദ്യം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറണം.
സ്ത്രീകള്‍ക്കെതിരെ ശിക്ഷാര്‍ഹമായ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥന് ശിക്ഷിക്കപ്പെടും. മാനഭംഗക്കേസുകളില്‍ അന്വേഷണം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ശിക്ഷാ നിയമം അനുശാസിക്കുന്നതിനാൽ ഇത് പാലിക്കണം. ഇക്കാര്യം നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘ഇന്‍വെസ്റ്റിഗേഷന്‍ ട്രാക്കിംഗ് സിസ്റ്റം ഫോര്‍ സെക്ഷ്വല്‍ ഒഫന്‍സസ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഒരുക്കിയിട്ടുണ്ട്. ലൈംഗീകാതിക്രമ കേസുകളില്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ അംഗീകൃത ഡോക്ടറെ കൊണ്ട് വൈദ്യ പരിശോധന നടത്തണം. ഇര മരിച്ചുപോകുന്ന സാഹചര്യമുണ്ടായാല്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലല്ലായെന്ന കാരണം പറഞ്ഞ് മൊഴിയെടുക്കാതിരിക്കരുത്.