സ്വയം കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയുന്ന കിറ്റിന് അമേരിക്ക അംഗീകാരം നല്‍കി. യുഎസ് ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് കിറ്റിന് അനുമതി നല്‍കിയത്. 30 മിനിറ്റിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നതാണ് പ്രത്യേകത.
ലുസിറ ഹെല്‍ത്ത് ആണ് കിറ്റ് വികസിപ്പിച്ചത്. മൂക്കില്‍ നിന്നും സ്വയം സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ കഴിയും വിധത്തിലാണ് കിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 14 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കാണ് ഇത്തരത്തില്‍ പരിശോധന നടത്താന്‍ അനുമതിയുള്ളത്. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ഇത്തരത്തില്‍ പരിശേധന നടത്താമെന്നും യുഎസ് ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി.
പൂർണമായും വീടിനുള്ളില്‍ പരിശോധന നടത്തി ഫലം ലഭിക്കുന്ന കോവിഡ് കിറ്റ് ആദ്യമായാണെന്ന് എഫ്ഡിഎ കമ്മീഷണർ സ്റ്റീഫൻ ഹാൻ പറഞ്ഞു. 14 വയസ്സില്‍ താഴെയുള്ളവരുടെ സാമ്പിള്‍ ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ വേണം ശേഖരിക്കാനെന്നും എഫ്ഡിഎ വ്യക്തമാക്കി. കിറ്റിന്‍റെ വില എത്രയായിരിക്കുമെന്ന് ലുസിറ ഹെല്‍ത്ത് വെളിപ്പെടുത്തിയിട്ടില്ല.