പാക് പിടിയിലായ ഇന്ത്യൻ സെെനികൻ അഭിനന്ദൻ വർധമാൻ ഇന്ന് തിരിച്ച് നാട്ടിലെത്താനിരിക്കേ, മകന്റെ മടങ്ങി വരവിൽ ആഹ്ലാദം പങ്കിട്ട് മാതാപിതാക്കൾ. അഭിനന്ദനെ സ്വീകരിക്കാനായി ചെന്നെെയിൽ നിന്നും ഡൽഹിയിലേക്ക് നടത്തിയ വിമാന യാത്രക്കിടെയാണ് സഹ യാത്രികരുമായി ബന്ധുക്കൾ സന്തോഷം പങ്കിട്ടത്. മകന്റെ ധീരതയില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി പിതാവ് എസ് വര്ധമാന് പറഞ്ഞു.
പിടിയിലാകുന്നതിന് മുന്‍പ് കയ്യിലുള്ള രേഖകളെല്ലാം നശിപ്പിച്ച അഭിനന്ദന്, സെെന്യവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നു തന്നെ പാക് അധികൃതര്‍ക്ക് കെെമാറാന്‍ കൂട്ടാക്കിയിരുന്നില്ല. വിങ് കമാൻഡർ അഭിനന്ദനെ സ്വീകരിക്കാനായി പിതാവും മുൻ എയർ മാർഷലുമായ എസ് വർധമാൻ, അമ്മ ശോഭ വർധമാൻ എന്നിവർ സഞ്ചരിച്ച വിമാനത്തിലാണ് സഹയാത്രികർ ഇരുവർക്കാമായി ആഘോഷഭരിതമായ യാത്ര സമ്മാനിച്ചത്. കയ്യടിച്ചും, കൂടെ നിന്ന് ഫോട്ടോ എടുത്തും സഹയാത്രികർ രാജ്യത്തിന്റെ വീര നായകന്റെ മാതാപിതാക്കൾക്ക് ആദരവർപ്പിച്ചു. ഇരുവരും ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി.
അഭിനന്ദിനെ സ്വീകരിക്കാനായി ഇരുവരും ഡൽഹിയിൽ നിന്നും അമൃത്സറിലേക്ക് തിരിക്കും. വ്യോമസേനയിൽ നിന്നും വിരമിച്ച എയർ മാർഷലാണ് എസ് വർധമാൻ. ‘പരം വിശിഷ്ട സേവ മെഡൽ’ ഉൾപ്പടെയുള്ള അംഗീകാരങ്ങൾ നേടിയിട്ടുള്ള വർധമാന്റെ അച്ഛൻ സിംഹകുട്ടിയും വ്യോമസേനയിൽ സേവനമനുഷ്ടിക്കുകയും, രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അമ്മ ശോഭ ഡോക്ടറാണ്.
മകൻ സുരക്ഷിതനാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ വർധമാൻ, മകന്റെ ധീരതയോടെയുള്ള പ്രവര്‍ത്തിയില്‍ അഭിമാനിക്കുന്നതായും, ഒരു തികഞ്ഞ സെെനികനാണെന്ന് അഭി തെളിയിച്ചതായും പറഞ്ഞു.