ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് വാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ്. ഐ.പി.എല്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും, പ്രതിഭാധനരായ ഒരുപാട് യുവാക്കള്‍ അവസരം കാത്ത് പുറത്തുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഒമ്പത് ടീമുകളുണ്ടാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
“കഴിവിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ഐപിഎല്ലിൽ ഒരു വിപുലീകരണത്തിന് സമയമായതായി എനിക്ക് തോന്നുന്നു. നിലവിൽ അവസരം ലഭിക്കാത്ത ധാരാളം കഴിവുള്ള താരങ്ങളുണ്ട്. ടീമുകളുടെ എണ്ണം കൂട്ടിയാൽ അത്തരം കളിക്കാർക്ക് അവസരം ലഭിക്കും,” രാഹുൽ പറഞ്ഞു.
2021ല്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 14ാം സീസണില്‍ ഒമ്പത് ടീമുകളുണ്ടായിരിക്കുമെന്നും ദീപാവലിക്കു ശേഷം ബിസിസിഐ പുതിയ ടീമുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാത്രമല്ല 2023ല്‍ 10 ടീമുകള്‍ ഐപിഎല്ലില്‍ വന്നേക്കുമെന്നുമുള്ള സൂചനയുമുണ്ട്. ഈ സാഹചര്യത്തിലാണ് ബിസിസിഐ നീക്കത്തെ മുന്‍ ജൂനിയര്‍ ടീം കോച്ച് കൂടിയായ ദ്രാവിഡ് സ്വാഗതം ചെയ്തിരിക്കുന്നത്.
കൂടുതല്‍ ടീമുകള്‍ വന്നാല്‍ പ്രതിഭയുള്ള കളിക്കാര്‍ ഈ ടീമുകളിലെല്ലാം ഇടം പിടിക്കും. ടീമുകകള്‍ വര്‍ധിക്കുന്നതു കൊണ്ട് കളിയുടെ നിലവാരം കുറയില്ലെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി. രാജസ്ഥാന് റോയല്‍സിന്റെ സഹ ഉടമയായ മനോജ് ബദാലെയുടെ ഒരു പുതിയ ഇന്നിങ്സെന്ന പുസ്തകം ഓണ്‍ലൈനായി പ്രകാശനം ചെയ്തു സംസാരിക്കവെയായിരുന്നു ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്.