പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ സൈനികനെ മോചിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ. കസ്റ്റഡിയിലുള്ള വൈമാനികനെ വെച്ച് കാണ്ഡഹാറിന് സമാനമായ രീതിയില്‍ പാകിസ്താന് വിലപേശുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു തരത്തിലുള്ള സമ്മര്‍ദത്തിനും രാജ്യം വഴങ്ങില്ല. ഇന്ത്യയുടെ ആക്രമണത്തില്‍ പാക് സൈനിക കേന്ദ്രങ്ങളേയോ സാധാരണക്കാരേയോ ലക്ഷ്യം വെച്ചില്ല. എന്നാല്‍ പാകിസ്താന്റെ ലക്ഷ്യം ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളായിരുന്നുവെന്നും യുദ്ധഭീതി ഉണ്ടാക്കാനുള്ള പാകിസ്താന്റെ ശ്രമം പരാജയപ്പെടുത്തുകയാണ് ചെയ്തതെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
അതിനിടെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വൈമാനികന് സുരക്ഷിതനാണെന്നും പൈലറ്റിനെ യുദ്ധത്തടവുകാരനാക്കുന്നത് പരിഗണിക്കാമെന്നും പാക് വിദേശകാര്യ വക്താവ് അറിയിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം കുറയുമെങ്കില്‍ പൈലറ്റിനെ വിട്ടുനല്‍കാമെന്ന് പാകിസ്താന് വിദേശകാര്യമന്ത്രി പറഞ്ഞതായി ജിയോ ന്യൂസിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ജയ്ശെ താവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതിന് പിന്നാലെ പാകിസ്താന്റെ ആക്രമണം ചെറുക്കുന്നതിനിടെയാണ് വ്യോമസേന പൈലറ്റ് പാക് കസ്റ്റഡിയിലായത്. ഇദ്ദേഹത്തെ ഉടന്‍ സുരക്ഷിതമായി മോചിപ്പിക്കണമെന്നാണ് പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആവശ്യപ്പെട്ടത്. ജനീവ കണ്‍വെന്‍ഷനും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും പാലിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൈനികനെ വിട്ടുകിട്ടാന്‍ അന്താരാഷ്ട്ര തലത്തിലും ഇന്ത്യ നീക്കം തുടങ്ങി. പുല്‍വാമ ഭീകരാക്രമണത്തില്‍ ജയ്ശെ മുഹമ്മദിന്റെ പങ്കിനും അവരെ പിന്തുണക്കുന്ന പാകിസ്താന്റെ നിലപാടിനുമുള്ള തെളിവുകളാണ് ഇന്ത്യ പാക്കിസ്താന് കൈമാറിയത്. ഭീകരാക്രമണത്തില്‍ പങ്കെടുത്ത ജയ്ശെ ചാവേര്‍ ആദില്‍ മുഹമ്മദ് ദര് സംഘത്തിലെ മുതിര്‍ന്ന കമാന്‍ഡര്‍മാരുമായി നടത്തുന്ന ഫോണ്‍ സംഭാഷണമാണ് ഇതില്‍ പ്രധാനം. ഭീകരാക്രമണത്തിന് ശേഷം ജയ്ശെ തലവന്‍ മസൂദ് അസ്ഹര്‍ റാലിയില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് മറ്റൊന്ന്. പാക് മണ്ണിലെ ജയ്ശെ താവളങ്ങളുടെ വിശദാംശങ്ങളും ഇന്ത്യ കൈമാറിയിട്ടുണ്ട്. ഇന്നലെ പാകിസ്താന്റെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച തെളിവുകള്‍ കൈമാറിയത്. പാകിസ്താനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതും പാകിസ്താനെതിരായ ഇന്ത്യയുടെ അന്താരാഷ്ട്ര നീക്കങ്ങള്‍ക്ക് ശക്തി പകരുന്നതുമാണ് ഈ നീക്കം.