സ്ഥാനാർത്ഥി തർക്കത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീകാര്യം വാർഡിൽ ബി.ജെ.പി പ്രവർത്തകരുടെ കൂട്ടരാജി. ശ്രീകാര്യം വാർഡിലെ 58,59 എന്നീ ബൂത്തുകളിലെ 70 ഓളം പേരാണ് രാജിക്കത്ത് കൈമാറിയത്.
ബി.ജെ.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിനെ പരിഗണിക്കാതെ യുവമോർച്ചയിലെ സുനിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ രാജിക്കത്ത് കൈമാറിയത്. ഇതിന്റെ പ്രതിഷേധ സൂചകമായി പ്രദേശത്ത് ബി.ജെ. പിയുടെ പേരിൽ ബുക്ക് ചെയ്ത് മതിലുകൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി തിരുത്തി ബുക്ക് ചെയ്തു. രാജിക്കത്ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചപ്പോഴാണ് പല നേതാക്കളും കാര്യം അറിഞ്ഞത്. എന്നാൽ രാജിവച്ചു എന്ന് പറയുന്ന ആരും തന്നെ ബി.ജെ.പി പ്രവർത്തകർ അല്ല എന്നും രാജിക്കത്ത് തനിക്ക് ലഭിച്ചില്ല എന്നുമാണ് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആർ.എസ് രാജീവ് പറയുന്നത്.
ചില വ്യക്തിതാൽപര്യങ്ങളുടെ പേരിൽ പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇതിനെതിരെ സംസ്ഥാന പ്രസിഡന്റിനടക്കം പരാതി നൽകുമെന്നും ആർ.എസ് രാജീവ് വ്യക്തമാക്കി.