ഐ.പി.എല്ലില്‍ തങ്ങള്‍ മാത്രമെന്ന് പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. ഐ.പി.എല്ലില്‍ അഞ്ചാം തവണയും കിരീടം മുംബൈക്ക് തന്നെ. ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് മുംബെെ തറപറ്റിച്ചത്.
157 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് അനായാസം ജയിക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കന്നികിരീടമെന്ന ഡല്‍ഹിയുടെ സ്വപ്നങ്ങളാണ് പൊലിഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ശ്രേയസ് അയ്യര്‍ – റിഷബ് പന്ത് കൂട്ടുകെട്ടാണ് ഡല്‍ഹിയെ തകര്‍ച്ചയില്‍ നിന്നും കര കയറ്റിയത്. റിഷബ് പന്ത് 56 റണ്‍സും ശ്രേയസ് അയ്യര്‍ പുറത്താകാതെ 65 റണ്‍സുമെടുത്തു.
ട്രെന്റ് ബോള്‍ട്ടാണ് ഡല്‍ഹിയെ തകര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. 4 ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബോള്‍ട്ട് 3 വിക്കറ്റുകള്‍ നേടി. നാഥന് കോള്‍ട്ടര്‍നൈല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.