ബിഹാറിനെ പത്ത് വർഷത്തിനുള്ളിൽ യൂറോപ്പ് ആക്കി മാറ്റുമെന്ന വാഗ്ദാനത്തോടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച വ്യക്തിയാണ് പുഷ്പം പ്രയി ചൗധരി. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് തന്റെ രാഷ്ട്രീയ പാർട്ടിയായ പ്ലൂറൽസ് പുഷ്പം പ്രിയ ചൗധരി പ്രഖ്യാപിക്കുന്നത്.
ജെഡിയു നേതാവ് വിനോദ് ചൗധരിയുടെ മകളാണ് പുഷ്പം പ്രിയ. 33 കാരിയായ പുഷ്പം പ്രിയയാണ് പ്ലൂറൽസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ‘ബിഹാർ മികവ് അർഹിക്കുന്നു, മികവ് സാധ്യമാണ്’ എന്ന വാക്യത്തോടെയാണ് പുഷ്പം പ്രിയയുടെ രാഷ്ട്രീയ പ്രവേശനം.
243 സീറ്റിലും തന്റെ പാർട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പുഷ്പം അതിൽ 50 ശതമാനവും സ്ത്രീകളായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 2030 ഓടെ പുഷ്പം ബിഹാറിനെ യൂറോപ്പ് ആക്കി മാറ്റുമെന്നാണ് വാഗ്ദാനം ചെയ്തത്.
പാട്ന ജില്ലയിലെ ബങ്കിപൂർ അസംബ്ലി സീറ്റിൽ നിന്നാണ് പുഷ്പം മത്സരിക്കുന്നത്. 27.89 ലക്ഷം രൂപയാണ് ആസ്തി. ബർമിംഗ്ഹാമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ നിന്ന് ബിരുദം നേടിയ പുഷ്പത്തിന് 4.91 ലക്ഷം രൂപയുടെ വിദ്യാഭ്യാസ ലോണും ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബങ്കിപ്പൂരിലെ ഗ്രാമങ്ങളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി കയറിയിറങ്ങുകയാണ് പുഷ്പം.
ഗ്രാമവാസികളെ നേരിൽ കണ്ട് വോട്ട് ഉറപ്പാക്കി തന്റെ സാന്നിധ്യം ഉറപ്പാക്കുന്ന പുഷ്പം വിജയിച്ചാൽ സോഷ്യൽ ആക്ടിവിസ്റ്റുകൾ, ഡോക്ടർ, ടീച്ചർമാർ അടക്കം വിദ്യാസമ്പന്നരായ വ്യക്തികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും പറയുന്നു.