സ്മരണ പലപ്പോഴും ഒരു നിർമിതിയാണ്. സിനിമകൾ, ന്യൂസ് പേപ്പറുകൾ, പാഠപുസ്തകങ്ങൾ തുടങ്ങി പൊതുസ്മരണകളെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അത്തരം നിർമിതികൾക്ക് മികച്ചൊരു ഉദാഹരണമാണ് ബി.ആർ അംബേദ്കറും എം കെ ഗാന്ധിയും. ഗാന്ധിയൻ കഥകളും സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ സംഭാവനയും മരണവും ഒരു ഐതിഹാസിക ചരിത്രമായിട്ടാണ് വായിക്കപ്പെടുന്നത്. അതേസമയം അംബേദ്കർ കേവലം ഭരണഘടനയ്ക്കുള്ളിൽ ഒതുങ്ങുന്നു/ ഒതുക്കുന്നു. അംബേദ്കർ ഒരിക്കലും അസാമാന്യ പ്രതിഭയായും വിശാല ഹൃദയത്തിന്റെ ഉടമയായും ജാതിയെ അടിസ്ഥാനപരമായിത്തന്നെ ചോദ്യംചെയ്ത വ്യക്തിയായും ആഘോഷിക്കപ്പെട്ടിരുന്നില്ല. നിലവിലെ അധികാര ഘടകങ്ങൾ പൊതുമണ്ഡലങ്ങൾ പ്രക്ഷുബ്ധമാകാതിരിക്കാൻ അംബേദ്കറിനെ അദൃശ്യമാകാനുള്ള പരസ്പരം മത്സരത്തിലാണ് പ്രത്യേകിച്ചും ബ്രാഹ്മണ ശക്തികൾ.
ഐഐടി മദ്രാസിലെ വിദ്യാർഥിനി ഫാത്തിമ ലത്തീഫ് രക്തസാക്ഷിത്വം വരിച്ച നിമിഷം മുതൽ ഇന്ന് വരെ അവളെ ആവരണം ചെയ്യാനുള്ള കഠിന പരിശ്രമത്തിലാണ് പലരും. ഒരു സ്ഥാപനവൽകൃത കൊലപാതകത്തെ അക്കാദമിക് സമ്മർദ്ദം മൂലമുള്ള ആത്മഹത്യയായി ചുരുക്കാനുള്ള നെട്ടോട്ടം നാനാഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എന്നാൽ ഫാത്തിമയുടെ തന്നെ മികച്ച അക്കാദമിക റെക്കോർഡുകൾ അതിനെ നിഷ്പ്രയാസം തള്ളിക്കളയുന്നു. അവളുടെ മരണ കാരണം കൃത്യമായി പൊതുധാരയിൽ ചർച്ചചെയ്യപ്പെടാത്തതെന്തുകൊണ്ട്? എന്തുകൊണ്ടാണ് നമ്മുടെ രാജ്യം ഒരു വൻ പ്രതിഷേധത്തിനു സാക്ഷ്യംവഹിച്ചില്ല? ഇതൊക്കെയും ഇസ്ലാമോഫോബിയയല്ലെങ്കിൽ മറ്റെന്താണ്?
ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഫാത്തിമ എന്ന വലിയൊരു ചോദ്യം കഴിഞ്ഞ ഒരു വർഷമായി എന്റെ മനസ്സിനെ ഞെരുക്കുന്നു. മരണത്തിന്റെ ഏതാനും നിമിഷങ്ങൾക്കിപ്പുറത്തെ പൊതു ഓർമ്മയിൽ ഫാത്തിമ ഇല്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ബ്രാഹ്മണിക്കൽ കൊലപാതകങ്ങളുടെ രേഖകളിൽ മാത്രം അവൾ നിലനിൽക്കുന്നു.
ഐഐടി പോലുള്ള ബ്രാഹ്മണിക അക്കാദമിക് ഇടങ്ങളിലേക്ക് ഒരു പ്രതിഭയായി കയറി ചെല്ലുക എന്നുള്ളത് തന്നെ ഫാത്തിമയെപ്പോലുള്ള ഓരോ ഇന്ത്യൻ മുസ്ലിമും ചെയ്യുന്ന പാപങ്ങളിൽ ഒന്നാണ്. അവിടെ ബ്രാഹ്മണിസം നിങ്ങളുടെ ജീവൻ അപഹരിക്കുകയും നിങ്ങളെ ഓർമ്മയിൽ നിന്ന് പോലും മായ്ച്ചുകളയുകയും ചെയ്യുന്നു. ഇത്തരം ഇല്ലാതാക്കലിലൂടെ നമ്മുടെ ഒക്കെയും ജീവിതങ്ങൾ അക്കൂട്ടർ പവിത്രവും ത്യാഗസന്നവുമായി പരിമിതപ്പെടുത്തുന്നു. പാവന സംസ്കാരത്തിന്റെ ബാക്കിപത്രങ്ങൾ !
ഒരു പ്രൊഫസറുടെ പേരും ഒരു മുസ്ലീം പെൺകുട്ടിയായതിനാൽ അവളുടെ നിലനിൽപ്പിന്റെ പ്രശ്നങ്ങളും അവളുടെ മുസ്ലീം ശരീരത്തോടുള്ള വിവേചനവും വ്യക്തമായി പരാമർശിക്കുന്ന ഒരു കുറിപ്പ് ലോകത്തിനും ബാക്കി വച്ചുകൊണ്ടാണ് ഫാത്തിമ പോയത്. അവളുടെ കുറിപ്പിന് ഒരു ആത്മഹത്യാക്കുറിപ്പിന്റെ നടപടിക്രമങ്ങൾക്കപ്പുറം ഒരു മൂല്യം നല്കപ്പെട്ടില്ല. സമ്മർദ്ദത്തെ നേരിടാനുള്ള അവളുടെ അക്കാദമിക് കഴിവില്ലായ്മ എന്ന് പലരും നിർവഹിച്ചുകൊണ്ട് അവളുടെ ജീവിതാനുഭവങ്ങളിലൂടെ ഉയർത്തിയ ചോദ്യങ്ങളെ തുടക്കം തൊട്ട് മായ്ച്ചുകളഞ്ഞു.
രോഹിത് വെമുലയ്ക്കുശേഷം പൊതുമേഖലയിൽ നടന്ന രണ്ടാമത്തെ ക്രൂരമായ കൊലപാതകമാണിത്. ബ്രാഹ്മണരാജ്യത്തിൽ നിന്ന് നിങ്ങൾക്ക് മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക?
ഫാത്തിമ നീതിയുടെ ചോദ്യമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഉന്നത സ്ഥാപനങ്ങളിൽ എങ്ങനെ പരിഗണിക്കുന്നുവെന്നതിന്റെ നേർകാഴ്ച്ചയാണ്. അതുകൊണ്ടുതന്നെയാണ് ഇന്നിവിടെ ഇല്ലാത്ത ഫാത്തിമയ്ക്കും രോഹിതിനും മറ്റനേകർക്കും വേണ്ടിയുള്ള പോരാട്ടങ്ങൾ നമുക്കെല്ലാവർക്കും വേണ്ടിയുള്ള പോരാട്ടമാകുന്നത്. ഇത്തരം ബഹുജൻ ജീവിതങ്ങളെ ഓർമ്മകളിൽ നിന്ന് മായ്ക്കാൻ അധികാരികൾ കഠിനമായി ശ്രമിക്കുമ്പോഴും അവർ ബാക്കിവെച്ച ആത്മഹത്യാക്കുറിപ്പുകളുടെ ശക്തിയാൽ അത് സാധ്യമാകുന്നില്ല. സമ്മർദ്ദവും സാമൂഹിക ഇടപെടലിന്റെ അഭാവവുമാണ് ആത്മഹത്യയെന്ന വാദത്തിലേക്ക് വിഷയത്തെ ചുരുക്കാനാകുമെന്നത് വെറും വ്യാമോഹമാണ്.
ആത്മഹത്യകളെ ആഭ്യന്തര സംഘർഷം സൃഷ്ടിച്ച പ്രതിഭാസമായി ചിത്രീകരിച്ച് വിദ്യാര്ഥികളുടെ മരണഭാരം അവരിലേക്ക് തന്നെ എത്തിക്കുക എന്നതാണ് അടിസ്ഥാന തന്ത്രം. എന്നാൽ ഇത്തരം പൊള്ളയായ വാദങ്ങൾ ശക്തമാണ്. അവർ ബാക്കിവെച്ച എഴുത്തുകൾ. ആയിരക്കണക്കിനാളുകൾ ഓരോ തവണ അവരുടെ അവസാന വാക്കുകളിലേക്ക് മടങ്ങുമ്പോഴെല്ലാം മറ്റൊരു ഫാത്തിമയും രോഹിത്തും ആകണമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
മുഖ്യധാരാ വിവരണം എന്തുതന്നെയായാലും ബ്രാഹ്മണ പൊതുമണ്ഡലത്തിൽ ഇടിമിന്നലായി ഫാത്തിമ പൊട്ടിപ്പുറപ്പെടുന്ന ഒരു ദിവസം ഉണ്ടാകുക തന്നെ ചെയ്യും. സമാനമായ നിരവധി വിവരണങ്ങളെ അപകടപ്പെടുത്തുന്നതിനുള്ള അടിത്തറയായി അവളുടെ കുറിപ്പ് വളരും. മരണത്തിന് മുമ്പും ശേഷവുമുള്ള വിവേചനരഹിതമായ ന്യൂനപക്ഷത്തിനെതിരായ അനീതിയുടെ ആഴത്തിൽ വേരൂന്നിയ സ്മരണയായി അത് നിലനിൽക്കും. അത്തരം സ്മരണകൾ ബ്രാഹ്മണ പൊതുമേഖലയുടെ അടിത്തറയെ തന്നെ ഭീഷണിപ്പെടുത്താനുള്ള സാധ്യതകൾ നൽകുന്നു. മായ്ച്ചുകളയാൻ പരിശ്രമിക്കുന്നിടത്ത് ഓർമ്മ വിപ്ലവമാണല്ലോ!
ഫാത്തിമ, നിങ്ങൾക്കായി ഞങ്ങളുടെ ആത്മാർത്ഥമായ ദുഅ (പ്രാർത്ഥനകൾ), നിങ്ങൾ ഒരു നായികയായി അരികുവിഭാഗങ്ങളിൽ ജീവിച്ചു. മരണത്തിലൂടെ ഞങ്ങളുടെ ഇടയിൽ ജീവിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് നിങ്ങൾ.