പുതിയ യു.എസ് പ്രസിഡന്റുമായി ചേർന്ന് പശ്ചിമേഷ്യൻ സമാധാന പദ്ധതി പുനരാരംഭിക്കാനുള്ള സാധ്യത അറബ് രാജ്യങ്ങൾ ആരായും. ഇസ്രായേലുമായി ചില അറബ് രാജ്യങ്ങൾ രൂപപ്പെടുത്തിയ ബന്ധം ഭാവിനീക്കങ്ങളിൽ അനുകൂല ഘടകമായി മാറുമെന്നും അറബ് ലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നു.
സമ്പൂർണമായും ഇസ്രായേൽ അനുകൂല നിലപാടാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം സ്വീകരിച്ചു വന്നത്. ജറൂസലേമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതും ജുലാൻ കുന്നുകൾക്കു മേലുള്ള അധിനിവേശം അംഗീകരിച്ചതും ഇതിന്റെ ഭാഗമാണ്. കാതലായ മാറ്റം അമേരിക്കയുടെ ഭാഗത്തു നിന്ന് ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
അതേസമയം ഫലസ്തീൻ പ്രശ്നങ്ങൾ കൂടി അഭിമുഖീകരിക്കണമെന്ന് ഇലക്ഷൻ കാമ്പയിൻ വേളയിൽ ജോ ബൈഡൻ പറഞ്ഞിരുന്നു. പശ്ചിമേഷ്യയിൽ ഇരുകൂട്ടർക്കുമിടയിൽ സംഭാഷണം പുനരാരംഭിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന വിലയിരുത്തലിൽ ആണ് അറബ് ലീഗ്. വെസ്റ്റ്ബാങ്കിൽ അധിനിവേശം നിർത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും കൂടുതൽ ശക്തമായ നടപടികളുമായി ഇസ്രായേൽ ഇപ്പോൾ മുന്നോട്ടു പോവുകയാണ്. തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന വികാരം ഫലസ്തീൻ ജനതക്കിടയിൽ വ്യാപകമാണ്. ഇതു മാറ്റിയെടുക്കാൻ ശക്തമായ നീക്കം ഉണ്ടാകണമെന്നാണ് മിക്ക അറബ് രാജ്യങ്ങളുടെയും വിലയിരുത്തൽ. ബൈഡന്റെ ജയം ഉറപ്പായാൽ പശ്ചിമേഷ്യൻ സമാധാന വഴിയിൽ ചില നല്ല തുടക്കമെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയും ശക്തമാണ്.