ലോക്ഡൗൺ കാലത്ത് നാട്ടിലെത്തിയ പ്രവാസികൾക്ക് ഗൾഫിൽ തിരിച്ചെത്തി ജോലി പുനരാരംഭിക്കാൻ സൗകര്യം ഒരുക്കണമെന്ന് ജി.സി.സി നേതൃത്വത്തോട് ഇന്ത്യ ആവശ്യപ്പെട്ടു. ജി.സി.സി രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ വെർച്വൽ ചർച്ചയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യം ഉന്നയിച്ചത്.
നിലവിൽ ഇന്ത്യയിൽ നിന്ന് ഗൾഫിലേക്ക് പറക്കുന്ന വിമാനങ്ങളിൽ പ്രവാസികൾക്ക് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനുള്ള തടസ്സങ്ങൾ നീക്കണമെന്ന അഭ്യർഥനയാണ് മന്ത്രി മുന്നോട്ട് വെച്ചത്.കോവിഡ് മഹാമാരിക്കാലത്ത് പ്രവാസികളുടെ ക്ഷേമത്തിന് ജി.സി.സി രാജ്യങ്ങൾ പ്രത്യേക ശ്രദ്ധ നൽകുന്നതിൽ അദ്ദേഹം നന്ദി പറഞ്ഞു. ഈ രാജ്യങ്ങളിലെ അടിയന്തര ചികിത്സ സാഹചര്യങ്ങൾ മുൻനിർത്തി വിദഗ്ധരെയും മരുന്നുകളും എത്തിക്കാൻ ഇന്ത്യ ശ്രദ്ധിച്ച കാര്യവും എസ്. ജയശങ്കർ അനുസ്മരിച്ചു.
ജിസിസി സെക്രട്ടറി ജനറൽ ഡോക്ടർ നയീഫ് എം അൽഹജ്റഫ്, ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ.അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന പ്രതിനിധികളും വാർഷിക രാഷ്ട്രീയ ചർച്ചയിൽ പങ്കെടുത്തു. പ്രവാസികളുടെ മടക്കയാത്രക്കുള്ള തടസങ്ങൾ വൈകാതെ മാറുമെന്ന ഉറപ്പാണ് ജിസിസി രാജ്യങ്ങൾ ഇന്ത്യക്ക് നൽകിയത്.