ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ ലവ് ജിഹാദ് ഭീഷണിക്കെതിരെ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് ഹരിയാനയും. ലവ് ജിഹാദ് വഴി ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്നത് തടയാന്‍ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് മുസ്ലിം യുവാക്കള്‍ മതം മാറ്റുന്നതായി പറയുന്ന ലവ് ജിഹാദ്, ഏറ്റവും പ്രചാരം നേടിയ ഹിന്ദുത്വ പ്രചരണമാണ്.
കഴിഞ്ഞ ദിവസം ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ലവ് ജിഹാദുകാര്‍ക്ക് വധശിക്ഷ വരെ നല്കുന്ന നിയമം കൊണ്ടുവരുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്. ലവ് ജിഹാദ് ആരോപണം രാഷ്ട്രീയപരമായി ഏറ്റവും അധികം ഉപയോഗിച്ച നേതാവായിരുന്നു യോഗി.
ഇതിന് പിന്നാലെയാണ് ലവ് ജിഹാദ് പ്രതികളെ ശിക്ഷിക്കാന്‍ നിയമം പാസാക്കുമെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചത്. ലവ് ജിഹാദ് അവസാനിപ്പിക്കാന്‍ ഭരണഘടനാപരമായ വഴി തേടുമെന്നും, ഇതിനായി കേന്ദ്രവുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കുമെന്നും ഖട്ടര്‍ പറഞ്ഞു. ഹരിയാനയിലെ ബല്ലഭ്ഗഡില്‍ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയത് ലവ് ജിഹാദ് ആക്രമണത്തിന്റെ ഭാഗമായിരുന്നെന്ന് ഹിന്ദുത്വ ക്യാമ്പുകള്‍ പ്രചരിപ്പിച്ചിരുന്നു.