സംസ്ഥാനത്തെ ആനക്കള്ളക്കടത്ത് കേസില്‍ ആദ്യ അറസ്റ്റ്. കൊല്ലം പുത്തന്‍കുളം സ്വദേശി സനലിനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. സനലിന് കേസിലെ മുഖ്യപ്രതി ഷാജി ആനകളെ കൈമാറിയിരുന്നുവെന്നാണ് വനം വകുപ്പിന്‍റെ കണ്ടെത്തല്‍. സനലിന്‍റെ 2 ആനകളെയും കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്ത് ആനക്കള്ളക്കടത്ത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തോടടുക്കുമ്പോഴാണ് ആദ്യ അറസ്റ്റ് നടന്നത്. കേസില്‍ ഒളിവിലുള്ള മുഖ്യപ്രതി ഷാജിയുടെ സുഹൃത്തായ കൊല്ലം പുത്തന്‍കുളം സ്വദേശി സനലാണ് അറസ്റ്റിലായത്.
ഷാജി, സനലിന് ആനകളെ കൈമാറ്റം ചെയ്തെന്നാണ് വനം വകുപ്പിന്‍റെ കണ്ടെത്തല്‍. ആനകളെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകളുടെ ലംഘനമുണ്ടായെന്ന് വിലയിരുത്തിയാണ് സനലിന്‍റെ അറസ്റ്റ്. ബിഹാറില്‍ നിന്ന് എത്തിച്ച മോഹന്‍ നീലകണ്ഠന്‍, രത്തന്‍ സിംങ് ബാബുലാല്‍ എന്ന നന്ദന്‍ എന്നീ ആനകളെ വനം വകുപ്പ് സനിലില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.
ഷാജിയും മറ്റ് നാല് പ്രതികളും ഇപ്പോഴും ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ആനക്കടത്ത് കേസ് വനം മന്ത്രി കെ. രാജു ഇടപെട്ട് അട്ടിമറിച്ചതടക്കമുള്ള വാര്‍ത്തകള്‍ മീഡിയവണ്‍ പുറത്ത് കൊണ്ട് വന്നിരുന്നു. അന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത് മുഖ്യപ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സഹായകമായിരുന്നു. ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ വനം മന്ത്രി തന്നെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കിയത്.