ഇറാനുമായി പുതിയ ആണവ കരാർ രൂപപ്പെട്ടാൽ വൻതോതിൽ എണ്ണ വിപണിയിലേക്ക് വരുന്നത് വില വീണ്ടും ഇടിയാൻ വഴിയൊരുക്കുമെന്ന ആശങ്കയിലാണ് ഒപെക് നേതൃത്വം.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ജയിച്ചാൽ എണ്ണവിപണിയിൽ കാര്യമായ പ്രതികരണം രൂപപ്പെടുമെന്ന് വിലയിരുത്തൽ. ഇറാനുമായി പുതിയ ആണവ കരാർ രൂപപ്പെട്ടാൽ വൻതോതിൽ എണ്ണ വിപണിയിലേക്ക് വരുന്നത് വില വീണ്ടും ഇടിയാൻ വഴിയൊരുക്കുമെന്ന ആശങ്കയിലാണ് ഒപെക് നേതൃത്വം.
ആവശ്യകത കുറയുമ്പോൾ തന്നെ ലഭ്യത കൂടുന്ന സാഹചര്യമാണ് എണ്ണവിപണിയിലുള്ളത്. കോവിഡ് വ്യാപനത്തോടെ ഉൽപാദന രംഗത്ത് രൂപപ്പെട്ട മാന്ദ്യം എണ്ണവിപണിയിൽ വലിയ തളർച്ചക്കും ഇടയാക്കിയിട്ടുണ്ട്. ഗൾഫ് മേഖലയിലേതുൾപ്പെടെ ഉൽപാദക രാജ്യങ്ങൾക്കാണ് ഇത് വലിയ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ജോ ബൈഡനാണ് നേരിയ മുൻതൂക്കം കൽപിക്കുന്നത്.
താൻ പ്രസിഡൻറായാൽ ഇറാനുമായി ആണവ ചർച്ച പുനരാരംഭിക്കുമെന്ന് ബൈഡൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും വൻശക്തി രാജ്യങ്ങൾക്കൊപ്പം പുതിയ ആണവ കരാർ രൂപപ്പെടുത്തിയാൽ പ്രതിദിനം 3.8 ദശലക്ഷം ബാരൽ എണ്ണ കൂടി ഇറാനിൽ നിന്ന് വിപണിയിലെത്തും. വില വീണ്ടും ഇടിയാൻ ഇത് കാരണമാകും. ഒപെക് നേതൃത്വവും ഈ സാധ്യത മുന്നിൽ കാണുന്നുണ്ട്. ഉൽപാദനം കുറച്ച് വിപണിയിൽ വില സന്തുലിതത്വം ഉറപ്പാക്കുന്ന നടപടിലാണ് കുറച്ചുകാലമായി ഒപെക് സ്വീകരിച്ചിരിക്കുന്നത്. അതേസമയം ട്രംപ് തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ഇറാനുമായി പുതിയ അനുരഞ്ജന സാധ്യത കുറവാണ്. ഏതായാലും അടുത്ത യു.എസ് പ്രസിഡൻറ് ആരായിരിക്കുമെന്ന് ഉൾക്കിടിലത്തോടെ ഉറ്റുനോക്കുകയാണ് എണ്ണവിപണിയും.