മുന്നാക്ക സംവരണത്തിനെതിരെ എല്‍ഡിഎഫ് ഘടകകക്ഷി ഐഎന്‍എല്‍. മുന്നാക്ക സംവരണം ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണെന്നും യോജിക്കാനാവില്ലെന്നും ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ കെ അബ്ദുല്‍ അസീസ് വ്യക്തമാക്കി. ഭരണഘടനാനുസൃതമായ സംവരണം പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് മാത്രമുള്ളതാണ്. എതിർപ്പ് ഇടത് മുന്നണിയില്‍ ഉന്നയിക്കുമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.
ഇതിലൊരു പ്രശ്നമുള്ളത് കേന്ദ്രസര്‍ക്കാര്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കേണ്ട ചില നിലപാടുകളുണ്ട്. എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമോ എന്നൊക്കെ പരിശോധിക്കേണ്ടതാണ്. അത് എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.
പിന്നാക്ക സമുദായങ്ങളുടെ പേരില്‍ മുസ്ലിം ലീഗ് ഉയര്‍ത്തുന്ന രാഷ്ട്രീയ അജണ്ടയുണ്ട്. ഇത്രയും കാലം കേന്ദ്ര സര്‍ക്കാര്‍ മുന്നാക്ക സംവരണവുമായി മുന്നോട്ട് പോയപ്പോഴൊന്നും ഇല്ലാത്ത താത്പര്യം തദ്ദേശ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ലീഗ് ഉയര്‍ത്തുന്നത് തികച്ചും ഇടുങ്ങിയ രാഷ്ട്രീയ താത്പര്യമാണെന്നും അബ്ദുല്‍ അസീസ് വിമര്‍ശിച്ചു.
സംവരണ വിഷയത്തിൽ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച ചില മുസ്ലിം നേതാക്കളോട് മുതിര്‍ന്ന സിപിഎം നേതാക്കള്‍ തന്നെ സംസാരിച്ചെങ്കിലും ആരെയും അനുനയിപ്പിക്കാനായില്ല. കാന്തപുരം നേതൃത്വം നല്കുന്ന സംഘടനക്ക് അകത്ത് നടന്ന വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ശക്തമായ പ്രതികരണവുമായി എസ്.എസ്.എഫും എസ്.വൈ.എസും രംഗത്ത് വന്നത്. തുടര്‍ന്നാണ് മുഖപത്രമായ സിറാജ് സര്‍ക്കാരിനെ കടന്നാക്രമിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഒപ്പം സംഘടനയുടെ ശക്തമായ എതിര്‍പ്പ് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.
സംവരണ വിഷയത്തില്‍ മുന്‍പൊരിക്കലും ഇടപെട്ടിട്ടില്ലാത്ത സമസ്ത ഇത്തവണ വിപുലമായ ആലോചനകളാണ് നടത്തുന്നത്. സംവരണം സംബന്ധിച്ച് പഠനം നടത്തിയവരുമായും നിയമ വിദഗ്ധരുമായുമെല്ലാം സംഘടന നിയോഗിച്ച സമിതി കൂടിക്കാഴ്ചകള്‍ തുടരുകയാണ്.