India National

ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് അധിനിവേശം പരോക്ഷമായി സമ്മതിച്ച് ആര്‍.എസ്.എസ്

ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് അധിനിവേശം പരോക്ഷമായി സമ്മതിച്ച് ആര്‍.എസ്.എസ്. ചൈന എങ്ങനെയാണ് അതിക്രമിച്ചു കടന്നതെന്ന് ലോകത്തിന് വ്യക്തമാണെന്നായിരുന്നു നാഗ്പൂരിൽ ദസറ ആഘോഷങ്ങൾക്കിടെ മോഹൻ ഭഗവതിന്‍റെ പ്രസ്താവന. ഒരിഞ്ചു ഭൂമി പോലും കയ്യേറാൻ സൈന്യം അനുവദിക്കില്ലെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം.

ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തിനിടെ ശസ്ത്രപൂജക്കായി യഥാർത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള ഷെറാതങ്ങും ഡാർജലിങുമാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തെരഞ്ഞെടുത്തത്. പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നെന്നും ഒരിഞ്ചു ഭൂമി പോലും കയ്യേറാൻ സൈന്യം അനുവദിക്കില്ല എന്നുമായിരുന്നു പൂജക്ക് ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ പ്രതികരണം.

എന്നാൽ എങ്ങനെയാണ് ചൈന അതിക്രമിച്ചു കടന്നതെന്നും ഇപ്പോഴും നമ്മുടെ അതിർത്തികളില്‍ അതിക്രമിച്ചു കയറുന്നതെന്നും ലോകത്തിന് വ്യക്തമാണ് എന്നായിരുന്നു നാഗ്പൂർ ആർ.എസ്.എസ് ആസ്ഥാനത്തെ ദസറ ആഘോഷത്തിനിടെ മോഹൻ ഭഗവതിന്റെ പ്രസ്താവന. സി.എ.എ ഭീഷണിയല്ലെന്നും ചിലർ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേർത്തു. എന്നാല്‍ അതിർത്തി വിഷയത്തിൽ സത്യം മനസ്സിലായിട്ടും മോഹൻ ഭഗവത് അതിനെ നേരിടാൻ ഭയപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ചൈന നമ്മുടെ ഭൂമി കയ്യേറി എന്നും സർക്കാരും ആർ.എസ്.എസും അതിന് അനുവദിച്ചു എന്നതുമാണ് സത്യമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.