Kerala

സിദ്ദിഖ് കാപ്പന്‍റെ സുരക്ഷയില്‍ ആശങ്കയെന്ന് അഭിഭാഷകന്‍; ജാമ്യംതേടി സുപ്രീംകോടതിയിലേക്ക്

ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കാത്ത മഥുര ജയിലധികൃതരുടെയും കോടതിയുടെയും നടപടി നിയമ വിരുദ്ധമെന്ന് അഭിഭാഷകൻ വിൽസ് മാത്യൂസ്. സകല നടപടിക്രമങ്ങളുടെയും ലംഘനമാണിത്. സിദ്ദിഖ് കാപ്പന്‍റെ സുരക്ഷയിൽ ആശങ്കയുണ്ട്. തിങ്കളാഴ്ച സുപ്രീം കോടതിയിൽ നൽകുന്ന ഹരജിയിൽ ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുമെന്നും സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ മീഡിയവണിനോട് പറഞ്ഞു.

ഹാഥ്റസ് ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശിലെത്തിയ സിദ്ദിഖ് കാപ്പനെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനും കൂടെ അറസ്റ്റിലായ മൂന്നുപേർക്കും എതിരെ യു.എ.പി.എ നിയമത്തിലെ സെക്ഷൻ 17 പ്രകാരം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിച്ചുവെന്ന രാജ്യദ്രോഹ കുറ്റമാണ് യു.പി പൊലീസ് ചുമത്തിയത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് അറസ്റ്റിലായ സിദ്ദിഖ്.