കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായ കോട്ടയം സിഎംഎസ് പ്രസ് ദ്വിശതാബ്ദി നിറവിലേക്ക്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് കോട്ടയത്ത് തുടക്കമായി. ഇംഗ്ലണ്ടിൽ നിന്നും ആദ്യമായി എത്തിച്ച അച്ചടിയന്ത്രം സിഎംഎസ് പ്രസിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
1821 ഒക്ടോബർ 18 നാണ് കോട്ടയത്ത് ആദ്യമായി അച്ചടി യന്ത്രം എത്തിയത്. മലയാളം അച്ചടിയുടെ പിതാവായ ബെഞ്ചമിൻ ബെയ്ലിയുടെയും തിരുവതാംകൂർ ദിവാനായിരുന്ന കേണൽ ജോൺ മൺറോയുടെയും ശ്രമഫലമായാണ് ഇംഗ്ലണ്ടിൽ നിന്നും യന്ത്രം കേരളത്തിലെത്തിച്ചത്. കേരളത്തിലേക്ക് കടൽ കടന്നെത്തിയ ആദ്യ അച്ചടി യന്ത്രം ഇന്നും കോട്ടയം ചാലുകുന്നിലെ സിഎംഎസ് പ്രസിലുണ്ട്. 1827 ൽ ഇതേ മാതൃകയിൽ മറ്റൊരു അച്ചടി യന്ത്രം ബെഞ്ചമിൻ ബെയ്ലി നിർമിച്ചു.
മദ്രാസ് ഫോർട്ട് സെന്റ് ജോർജ്ജ് കോളജിൽ നിന്നാണ് ആദ്യ യന്ത്രത്തിനായി അച്ചുകൾ എത്തിച്ചത്. ഇവയുടെ പോരായ്മകൾ പരിഹരിച്ച് വടിവൊത്ത അച്ചുകളും ബെയ്ലി നിർമിച്ചു. ഇവയെല്ലാം ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. സിഎംഎസ് പ്രസിൽ സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ ഉമ്മൻ അച്ചടിയുടെ ഇരുന്നൂറാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും, ദ്വിശതാബ്ദി ലോഗോ പ്രകാശനവും നിർവഹിച്ചു.