സൂറിക്ക്. സാമൂഹ്യ ഇടപെടലുകൾ നടത്തിവരുന്ന യൂറോപ്പിലെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ ശക്തമായി പ്രതിഷേധിച്ചു . അഡ്മിൻ ടോമി തൊണ്ടാംകുഴിയുടെ അദ്ധ്യക്ഷതയിൽ സൂറിക്കിൽ കൂടിയ ഗവേണിങ് ബോഡി മീറ്റിങ്ങിൽ ഗവേണിങ് ബോഡി അംഗം ശ്രീ ജേക്കബ് മാളിയേക്കൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ വിട്ടയക്കണമെന്ന് അധികാരികളോട് ഗവേണിങ് ബോഡി ആവശ്യപ്പെട്ടു.
ആദിവാസികളുടെ ഇടയിൽ അവരിൽ ഒരുവനായി ജീവിച്ചു സാമൂഹ്യപ്രവർത്തനം നടത്തിവന്നിരുന്ന ആളായിരുന്നു എൺപത്തിമൂന്നുകാരനായ ജസ്യൂട്ട് വൈദികൻ. നാട്ടുകാർ സ്നേഹപൂർവ്വം സ്വാമി അച്ചൻ എന്ന് വിളിക്കുന്ന സാത്വികനായ സാമൂഹ്യ പ്രവർത്തകനെ യു.എ.പി. ആക്ട് 1967 ചുമത്തി ആണ് ജയിലിൽ അടച്ചിരിക്കുന്നത്. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാണ് ഗവൺമെന്റ് ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിന് പറയുന്ന ന്യായീകരണം.
ഭീമ കൊറേഗാവ്-എൽഗാർ പരിഷത് കേസിൽ അറസ്റ്റിലായ എൺപത്തിമൂന്നുകാരനായ ജെസ്യൂട്ട് സഭാ വൈദികനാണ് സ്റ്റാൻ സ്വാമി. ജാർഖണ്ഡിലെ റാഞ്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അദ്ദേഹം പ്രസ്തുത കേസിൽ അറസ്റ്റിലാവുന്ന പതിനഞ്ചാമനാണ്. ഹിന്ദുത്വ ഭരണകൂട ഭാഷ്യങ്ങൾക്കപ്പുറമാണ് സ്റ്റാൻ സ്വാമിയുടെ ഇടപെടലുകൾ. ആദിവാസി അവകാശ രാഷ്ട്രീയത്തിന്റെ മേഖലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന പുരോഹിതനാണ് ഫാദർ സ്റ്റാൻ സ്വാമി..
ആഗസ്റ്റ് 28ലെ പ്രഭാതം, കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴക്ക് ശേഷമുള്ള തെളിഞ്ഞ ആകാശം കണ്ട് ഉറക്കമുണര്‍ന്ന റാഞ്ചി നഗരവാസികള്‍ വീട്ടുജോലികളില്‍ മുഴുകവെ പെട്ടെന്ന്, നഗരത്തിലെ മുതിർന്ന സാമൂഹിക-രാഷ്ട്രീയ പ്രവര്ത്തകന് സ്റ്റാന്‍ സ്വാമിയുടെ വീട്ടില്‍ നടന്ന അപ്രതീക്ഷിത റെയ്ഡിന്റെ വാര്‍ത്ത കേട്ട് സ്തബ്ധരായി. മഹാരാഷ്ട്ര, ജാർഖണ്ഡ് പോലീസ് ഡിപ്പാർട്മെന്റുകൾ സംയുക്തമായി ‘ബഗയ്ച ക്യാമ്പസിൽ’ (ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ താമസ സ്ഥലം കൂടിയാണത്) രാവിലെ ആറു മണിക്ക് എത്തുകയും മണിക്കൂറുകളോളം റെയ്ഡ് നടത്തുകയും ചെയ്തു. ഫാദര്‍ സ്റ്റാൻ സ്വാമിയുടെ മൊബൈൽ, ലാപ്ടോപ്പ്, കുറച്ച് ഓഡിയോ കാസറ്റുകൾ, സി.ഡികൾ, ലൈംഗിക ഹിംസക്കും ഭരണകൂട അടിച്ചമര്‍ത്തലിനുമെതിരെ സ്ത്രീകള്‍ നയിക്കുന്ന ‘പതല്‍ഗുഡി മൂവ്മെന്റിന്റെ’ പത്രക്കുറിപ്പുകൾ എന്നിവ പോലീസ് കണ്ടുകെട്ടി. തനിക്കെതിരായ കേസുകളെ കുറിച്ച് ഫാദര്‍ സ്റ്റാനെ അവർ അറിയിച്ചിരുന്നില്ല. പോലീസ് എല്ലാ കാര്യങ്ങളും വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.
ഫാദര്‍ സ്റ്റാനുൾപ്പെടെ സാമൂഹിക പ്രവര്‍ത്തകരും, പത്രപ്രവര്‍ത്തകരും, ചിന്തകരുമായ 20 പേര്‍ക്കെതിരെ ജാർഖണ്ഡ് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ആഴ്ച്ചകൾക്കകമാണ് അദ്ദേഹത്തിന്റെ താമസസ്ഥലം റെയ്ഡ് ചെയ്യപ്പെടുന്നത്. കുന്തിയിലെ പതല്‍ഗുഡി മൂവ്മെന്റിനെ കുറിച്ചുള്ള അവരുടെ ഫെയ്സ്ബുക് പോസ്റ്റുകളാണ് പോലീസ് അറസ്റ്റിന് തെളിവായി നിരത്തിയത്. സുപ്രീംകോടതി 2015ല്‍ പിന്‍വലിച്ച 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റിന്റെ 66എ വകുപ്പും അവര്‍ക്കെതിരായി ചാര്‍ത്തിയിരുന്നു!
2010ല്‍, നക്സല്‍ പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുകൊണ്ട് ഗോത്രവര്‍ഗക്കാരായ യുവാക്കളെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്യുന്നത് തുറന്നുകാട്ടിക്കൊണ്ട്, ‘ജയില്‍ മേന്‍ ബന്ദ് ഖൈദിയോന്‍ കാ സച്ച്’ എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. 97 ശതമാനം കേസുകളിലും അറസ്റ്റു ചെയ്യപ്പെടുന്ന യുവാക്കളുടെ കുടുംബ വരുമാനം 5000ല്‍ താഴെയാണെന്നും, അവര്‍ക്ക് തങ്ങളുടെ കേസ് വാദിക്കാൻ വക്കീലുമാരെ പോലും ഏര്‍പ്പെടുത്താന്‍ കഴിയുന്നില്ലെന്നും പുസ്തകത്തില്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടി.2014ല്‍ അറസ്റ്റു ചെയ്യപ്പെട്ട യുവാക്കളുടെ അവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടു കൂടി ഫാദര്‍ സ്റ്റാന്‍ ഭരണകൂടത്തിന്റെ റഡാറില്‍ അകപ്പെട്ടു. റിപ്പോര്‍ട്ട് പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട 3000 പേരില്‍ 98 ശതമാനം ആളുകളുടെയും കേസുകള്‍ കെട്ടിച്ചമക്കപ്പെട്ടതാണെന്നും, അവര്‍ക്ക് നക്സല്‍ പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാണ്. അവരില്‍ പലരും വിചാരണ പോലുമില്ലാതെ വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞു. ഫാദര്‍ സ്റ്റാന്‍ യുവാക്കളുടെ ജാമ്യത്തിനു വേണ്ടിയും കേസ് വാദിക്കാനുള്ള വക്കീലുമാരെ ഏര്‍പ്പെടുത്താനുമായി വലിയൊരു സംഖ്യ ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്.
ആദിവാസികളുടെ പുരോഗതിക്കും വികസനത്തിനും ആവശ്യമായ കാര്യങ്ങള്‍ സര്‍ക്കാറിന് നിര്‍ദേശിക്കാനായി ആദിവാസികള്‍ മാത്രം അംഗങ്ങളായ ‘ട്രൈബല്‍ അഡ്വൈസറി കൗണ്‍സില്‍’ രൂപീകരിക്കണമെന്ന ഭരണഘടനയിലെ അഞ്ചാം ഷെഡ്യൂളിലെ അനുശാസനം നടപ്പിലാക്കാത്തതിനെ ഫാദര്‍ സ്റ്റാന്‍ സ്വാമി ചോദ്യംചെയ്യുന്നു. ഭരണഘടന നിലവില്‍ വന്ന് ഏഴു പതിറ്റാണ്ടായിട്ടും ഒരൊറ്റ ഗവര്‍ണര്‍ (ഈ കൗണ്‍സിലുകളുടെ അധ്യക്ഷ പദവി വഹിക്കുന്നവര്‍) പോലും ആദിവാസികളിലേക്ക് എത്തിപ്പെടാനോ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനോ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വാദിക്കുന്നു. 1996ലെ (പട്ടിക വര്‍ഗ പ്രദേശങ്ങളിലെ) പഞ്ചായത്ത് നിയമം (പെസ) എങ്ങനെയാണ് ‘വ്യവസ്ഥാപിതമായി അവഗണിക്കപ്പെട്ടതെന്നും’, ഒന്‍പത് സംസ്ഥാനങ്ങളിലും നടപ്പിലാക്കാതെ ഒഴിവാക്കിയതെന്നും ഫാദര്‍ വ്യക്തമാക്കുന്നു. ആദിവാസി സമുദായങ്ങള്‍ക്ക് ഗ്രാമസഭകളിലൂടെയുള്ള സ്വയംഭരണത്തിന്റേതായ വലിയ സാമൂഹിക-സാംസ്കാരിക പാരമ്പര്യമുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് ഈ നിയമമാണ്. തങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി അദ്ദേഹം നിരന്തരം ആദിവാസികളെ സംഘടിപ്പിക്കുകയും സമരം നടത്തുകയും ചെയ്തു. പിന്നീടത് 2017ലെ പതല്‍ഗുഡി പ്രസ്ഥാനമായി രൂപം പ്രാപിച്ചു. പെസ നടപ്പില്‍ വരുത്തുന്നതിനെ വ്യവസ്ഥാപിതമായി തടഞ്ഞുനിര്‍ത്തിയ സ്റ്റേറ്റ് ഗവണ്മെന്റുകളെ തുറന്നുകാട്ടുന്നതില്‍ പതല്‍ഗുഡി പ്രസ്ഥാനം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
അരികുവത്കരിക്കപ്പെട്ടവരും അക്രമിക്കപ്പെട്ടവരുമായ ആളുകള്‍ക്ക് വേണ്ടിയുള്ള ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ പരിശ്രമങ്ങളുടെ ഫലമായി, ജാർഖണ്ഡിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തീര്‍ത്തും അവഗണിച്ച അക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വെളിച്ചം കണ്ടുതുടങ്ങി. കാര്യങ്ങള്‍ രേഖാമൂലം അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അതുല്യമായ കഴിവും, മറ്റു മനുഷ്യാവകാശ സംഘടനകളുമായി ശൃംഖലകളുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ പാടവവും ചേരുന്നതോടെ ജാർഖണ്ഡ് പോലുള്ള ഒരു സംസ്ഥാനത്തിന്റെ യഥാര്‍ഥ വികസനത്തിനാവശ്യമായ പല പദ്ധതികളും ആവിഷ്കരിക്കപ്പെടുന്നു. തന്റെ ജീവിതത്തെ ആദിവാസികളുമായും അവരുടെ ആത്മാഭിമാനവുമായും ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്തുകാരനെന്ന നിലക്ക്, പല ഗവണ്മെന്റ് പോളിസികള്ക്കുമെതിരെ കൃത്യമായ വിമര്‍ശനങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചു. അതുമാത്രമല്ല, അദ്ദേഹത്തിന്റെ കൃത്യവും ശാന്തവുമായ പ്രവര്‍ത്തനങ്ങളും സ്വഭാവത്തിലെ ലാളിത്യവും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കി.
ഫാദര്‍ സ്റ്റാന്‍ വെറും കുറ്റാരോപിതന് മാത്രമാണെന്നും കുറ്റക്കാരനല്ലെന്നുമുള്ള 2018ലെ ബോംബെ ഹൈകോടതിക്ക് മുമ്പാകെയുള്ള ബോധ്യപ്പെടുത്തലിനെ വകവെക്കാതെ, ഒക്ടോബര്‍ 8ആം തിയതി ഫാദര്‍ സ്റ്റാനെ റാഞ്ചിയിലെ ബഗിച്ചയിലുള്ള വീട്ടില്‍ നിന്നും എൻ.ഐ.എ അറസ്റ്റു ചെയ്തു.2020 ജൂലൈ 27, 28, 29, 30, ആഗസ്റ്റ് ആറ് എന്നീ തിയതികളിൽ നടന്ന 15 മണിക്കൂര്‍ ചോദ്യംചെയ്യലില്‍ അദ്ദേഹം പൂര്‍ണമായും സഹകരിച്ചതിനെ വകവെക്കാതെയാണ് ഇത് നടന്നത്. അറസ്റ്റിന് രണ്ടു ദിവസം മുൻപ്, ഫാദര്‍ സ്റ്റാന്‍ ഒരു പ്രസ്താവനയിറക്കി. അത് ഇങ്ങനെയാണ്: “അഞ്ചു ദിവസങ്ങളിലായി പതിനഞ്ചു മണിക്കൂറോളം എൻ.ഐ.എ എന്നെ ചോദ്യംചെയ്തു. എന്റെ ബയോഡാറ്റക്കും മറ്റു ചില ഡാറ്റകള്‍ക്കും പുറമേ, എനിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തെളിയിക്കാനായി നേരത്തെ പദ്ധതിയിട്ടത് പ്രകാരം എന്തൊക്കെയോ കാര്യങ്ങള്‍ അവര്‍ എന്റെ കംപ്യൂട്ടറില്‍ നിന്നും എടുത്തുകൊണ്ടുപോയി. ഇവയെല്ലാം കെട്ടിച്ചമച്ചതാണെന്നും, അതെല്ലാം ആരോ ഞാന്‍ അറിയാതെ എന്റെ കംപ്യൂട്ടറില്‍ കയറ്റിവെച്ചതാണെന്നും ഞാന്‍ അവരോട് പറഞ്ഞു. ആരോപണങ്ങളെല്ലാം ഞാന്‍ തള്ളിക്കളഞ്ഞു. ഞാന്‍ കുറ്റാരോപിതനായ ഭീമ-കൊറേഗാവ് കേസുമായി യാതൊരു ബന്ധവുമില്ലാത്തതു പോലെയാണ് ഇപ്പോഴത്തെ എൻ.ഐ.എ അന്വേഷണം മുന്നോട്ടുപോവുന്നത്. ആ കേസില്‍ രണ്ടു വട്ടം (2018 ആഗസ്റ്റ് 28, 2019 ജൂണ്‍ 12) അവര്‍ റെയ്ഡ് നടത്തിയതുമാണ്. എന്നാല്‍, മറ്റു ചില കാര്യങ്ങള്‍ സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഒന്ന്, വ്യക്തിപരമായി ഞാൻ തീവ്ര ഇടതു ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നു. രണ്ട്, ഞാന്‍ വഴി ബഗിച്ചയും മാവോയിസ്റ്റുകളുമായി ബന്ധമുള്ള സ്ഥാപനമാണ്. ഈ രണ്ട് ആരോപണങ്ങളും സ്റ്റാൻ സ്വാമി പൂർണ്ണമായി നിരാകരിച്ചു .
നാട്ടുകാർക്കെല്ലാം മതിപ്പ് ഉളവാക്കുന്ന രീതിയിൽ തികച്ചും ലളിത ജീവിതം നയിച്ചു ആദിവാസി ക്ഷേമ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന വൈദികന്റെ അറസ്റ്റ് മനുഷ്യാവകാശധ്വംസനമായി ഹലോ ഫ്രണ്ട്സ് കാണുന്നുവെന്ന് പ്രമേയത്തിൽ അംഗങ്ങൾ രേഖപ്പെടുത്തി.