അമേരിക്കയില്‍ നവംബര്‍ 3ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൊരിഞ്ഞ വാക്പോരാണ് ഡോണള്‍ഡ് ട്രംപും ജോ ബൈഡനും തമ്മില്‍. ഏറ്റവും ഒടുവിലായി കോവിഡുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ട്രംപിനെ ട്രോളിയത്.
മാസ്‌ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ എന്നാണ് ജോ ബൈഡന്‍റെ ട്വീറ്റ്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മാസ്കിന്‍റെ പ്രാധാന്യം ട്രംപ് വിലകുറച്ച് കണ്ടത് ആരോഗ്യ വിദഗ്ധരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ മാസ്ക് വലിച്ചൂരി ട്രംപ് കൈവീശി കാണിച്ചതും പ്രതിഷേധം ക്ഷണിച്ച് വരുത്തി.
ഇപ്പോഴിതാ ട്രംപിന്‍റെ ശാസ്ത്ര ഉപദേശകരില്‍ ഒരാളായ സ്‌കോട്ട് അറ്റ്‌ലസ്, മാസ്‌ക് ധരിച്ചതുകൊണ്ട് കോവിഡ് വ്യാപനം തടയാനാവില്ലെന്ന തരത്തില്‍ നടത്തിയ പരാമര്‍ശം ട്വീറ്റര്‍ നീക്കം ചെയ്തു. മാസ്‌ക് ഫലപ്രദമാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു സ്കോട്ടിന്‍റെ മറുപടി. വ്യാപകമായ തോതില്‍ മാസ്ക് ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സ്കോട്ട് പറഞ്ഞു.
എന്തിനാണ് ആ ട്വീറ്റ് ട്വിറ്റര്‍ തന്നെ നീക്കിയത് എന്ന് അറിയില്ലെന്നാണ് സ്കോട്ട് പ്രതികരിച്ചത്. ഇത് സെന്‍സര്‍ഷിപ്പാണെന്ന് പറഞ്ഞ് സ്കോട്ട് ട്വിറ്ററിന് കത്തെഴുതുകയും ചെയ്തു. സാമൂഹ്യ അകലം പാലിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് മാസ്ക് ഉപയോഗിക്കേണ്ടതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സ്കോട്ട് വിശദമാക്കി.
കഴിഞ്ഞ ദിവസം ‘ഞാന്‍ പരാജയപ്പെട്ടാല്‍’.. എന്നും പറഞ്ഞ് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് ഒരു വീഡിയോ തയ്യാറാക്കിയും ബൈഡന്‍ ട്രംപിനെ ട്രോളി.
‘ഞാന്‍ തോറ്റാല്‍ പിന്നെ ഇങ്ങോട്ട് തിരിച്ചുവന്നേക്കില്ല നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ’ എന്നാണ് മിനെസോട്ടയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ട്രംപ് പറഞ്ഞത്. ‘ഫ്ളോറിഡ എനിക്ക് നഷ്ടപ്പെട്ടാല്‍ എനിക്ക് ദേഷ്യം വരും ഫ്ലോറിഡയോട്’ എന്ന് മറ്റൊരു റാലിയില്‍ പറഞ്ഞു. ‘ഞാന്‍ തോറ്റാല്‍ പിന്നെ നിങ്ങളോട് ഒരിക്കലും മിണ്ടില്ല, എന്നെ നിങ്ങള്‍ പിന്നെ ഒരിക്കലും കാണില്ല’ എന്നാണ് നോര്‍ത്ത് കരോലിനയില്‍ ട്രംപ് പറഞ്ഞത്. ഇതൊക്കെ പല സ്റ്റേറ്റുകളിലെ റാലികളിലായി പറഞ്ഞതാണ്. ഒടുവില്‍ പറഞ്ഞത് ഇങ്ങനെ-
‘ഞാന്‍ പരാജയപ്പെട്ടാല്‍ എന്തുചെയ്യുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നുണ്ടോ? എനിക്കത് നല്ലതായി തോന്നുന്നില്ല. ചിലപ്പോള്‍ ഞാന്‍ രാജ്യം വിട്ടേക്കാം, എനിക്കറിയില്ല’, ട്രംപ് പറഞ്ഞു.
സര്‍വെകളെല്ലാം ജനപിന്തുണ ബൈഡനാണെന്ന് പറഞ്ഞതോടെ ട്രംപ് പരാജയഭീതിയിലാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഏതൊക്കെ സ്റ്റേറ്റുകളില്‍ താന്‍ പിന്നിലാകുന്നോ ആ സ്റ്റേറ്റുകളെ താനും തിരിഞ്ഞുനോക്കില്ല എന്നാണ് ട്രംപിന്‍റെ ഈ പരാമര്‍ശങ്ങളുടെ അര്‍ഥം എന്ന വിലയിരുത്തലും വരുന്നുണ്ട്.