കൊച്ചി സ്മാര്‍ട്ട് മിഷന്റെ ഭാഗമായി നഗരത്തിലെ ട്രാഫിക് സംവിധാനം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിച്ചുകൊണ്ടുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷിത യാത്ര ഒരുക്കാനും പദ്ധതി പ്രയോജനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വ്യാവസായിക നഗരമായ കൊച്ചി സമഗ്രമാറ്റത്തിന്റെ അരങ്ങായി മാറുന്നു. വിവിധ ഗതാഗത സംവിധാനങ്ങള്‍ കോര്‍ത്തിണക്കി അനുസ്യൂത യാത്രാ പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ ചുവടുവയ്പു കൂടിയാണിത്. കൊച്ചി റെയില്‍ മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. വാട്ടര്‍ മെട്രോ ദ്രുതഗതിയില്‍ പുരോഗമിക്കുകാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയിലെ 21 പ്രധാന ജംഗ്ഷനുകളിലാണ് ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം പ്രവര്‍ത്തിക്കുക. 27 കോടി രൂപ ചെലവില്‍ കെല്‍ട്രോണ്‍ മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് 35 കേന്ദ്രങ്ങളിലാണ് നൂതന ക്യാമറകള്‍ സ്ഥാപിച്ചത്. വാഹന തിരക്ക് അനുസരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന വഹിക്കിള്‍ ആക്ടിവേറ്റഡ് സിഗ്നല്‍ സംവിധാനം, റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കന്‍ സിഗ്നല്‍ സംവിധാനം, സ്പീഡ് ലിമിറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, റെഡ് ലൈഫ് വയലേഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, ഓട്ടോമാറ്റിക് നമ്പര്‍പ്ളേറ്റ് റെക്കഗ്നിഷന്‍ സിസ്റ്റം തുടങ്ങി ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. റവന്യു ടവറിലെ കണ്ട്രോള് സെന്ററിലാണ് നിരീക്ഷണം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെ കണ്ട്രോള് റൂമിലാവും കമാന്‍ഡ് സെന്റര്‍ പ്രവര്‍ത്തിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.