മതവും സംസ്കാരവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ചൈനയോട് ആഹ്വാനം ചെയ്ത് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലറ്റ് ഷവ്ഷോഗ്ളു. ചൈനയില്‍ ഉയിഗൂര്‍ വംശജർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തി. ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഉയിഗൂര്‍ വംശജര്‍ക്കെതിരെ ചൈന സ്വീകരിക്കുന്ന നിലപാടുകളില്‍ സൂക്ഷ്മ പരിശോധന നടത്തണമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടത്.
ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പ്രകാര്യം ഉയിഗൂര്‍ വംശജര്‍ക്കെതിരായ വിവേചനം ചൈനയില്‍ വർധിച്ചുവരികയാണെന്നും ഷവ്ഷോഗ്ളു പറഞ്ഞു. ഉയിഗൂര്‍ വംശജരുടെ ഉയര്‍ച്ചക്കും പുനര്‍വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതിനും ചൈന സ്വീകരിക്കാന്‍ പോകുന്ന നിലപാടുകളെ കുറിച്ചും ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ ചര്‍ച്ചയായി. ചൈനയില്‍ നിരവധി ഉയിഗൂര്‍ വംശജരാണ് ക്യാംപുകളില്‍ കഴിയുന്നതെന്നും ചൈന അവരുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും യോഗത്തില്‍ കുറ്റപ്പെടുത്തലുണ്ടായി.
ഉയിഗൂര്‍ മുസ്ലിം വംശജര്‍ക്കെതിരായി ചൈനയില്‍ തുടരുന്ന പ്രതിഷേധങ്ങൾക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ഷവ്ഷോഗ്ളു കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മതവും സംസ്കാരവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ചൈനയ്ക്ക് കഴിയണമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.