ആനക്കള്ളക്കടത്ത് കേസ് അട്ടിമറിയില്‍ വനം മന്ത്രിയുടെ വാദം പൊളിയുന്നു. ആനക്കടത്തിന് തെളിവായി ആനകളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് അന്വേഷണം വനം മന്ത്രി ഇടപെട്ട് അട്ടിമറിച്ചതെന്ന് തെളിഞ്ഞു. ആറ് ആനകളെ കസ്റ്റഡിയിലെടുത്തെന്ന് വ്യക്തമാക്കുന്ന കേസിലെ അഞ്ച് എഫ്.ഐ.ആറുകള്‍ മീഡിയവണിന് ലഭിച്ചു. പ്രതികള്‍ ധനലാഭത്തിനായി ആനകളെ വിറ്റുവെന്ന ഗുരുതര കണ്ടെത്തലും എഫ്ഐആറിലുണ്ട്.
സംസ്ഥാനത്തേക്ക് 200ലധികം ആനകളെ കടത്തിയെന്ന കൊല്ലം സ്വദേശി ഷാജിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ എഫ്.ഐ.ആറുകളാണ് മീഡിയവണ്‍ പുറത്ത് വിട്ടത്. ഷാജി, കെ എസ് രശ്മി, ഷിനു, മനീഷ് നാഥ്, ജെറോം വാര്യത്ത് എന്നിവരാണ് കേസിലെ പ്രതികള്‍. ആന ഉടമകളുടെ സംഘടന നല്കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ട മന്ത്രിയുടെ വാദം പൊളിക്കുന്നതാണ് എഫ്.ഐ.ആര് വിവരങ്ങള്‍.
ആനകളെ കസ്റ്റഡിയിലെടുത്തോ എന്നറിയില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാല്‍ ഗണപതി, അർജുൻ, നാരായണൻ കുട്ടി, ഹരികുട്ടൻ ഉൾപ്പെടെ 6 ആനകളെ തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്ത ശേഷമാണ് കേസെടുത്തതെന്ന് എഫ്.ഐ.ആറില്‍ വ്യക്തം. പ്രതികൾ നാട്ടാനകളെ അന്യ സംസ്ഥാനത്ത് നിന്ന് കൊണ്ടുവന്ന് രേഖകളില്ലാതെ സൂക്ഷിയ്ക്കുകയും ആനകളെ ധനലാഭത്തിനായി
പ്രതികൾ വ്യാപാരം നടത്തിയെന്നും കണ്ടെത്തിയതായും എഫ്.ഐ.ആറില്‍ പറയുന്നു. വന്യ ജീവി സംരക്ഷണ നിയമത്തിലെയും, നാട്ടാന പരിപാലന നിയമത്തിലെയുമടക്കം 12 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുത്തതെന്ന് തെളിഞ്ഞു. എന്നാല്‍ അന്വേഷണം നിര്‍ത്തിവെയ്ക്കാനുള്ള വനം മന്ത്രി കെ രാജുവിന്റെ ഉത്തരവുള്ളതിനാല്‍ പ്രതികള്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്ന് വനം മന്ത്രി പ്രതികരിച്ചു. ആനക്കടത്ത് നടന്നിട്ടില്ലെന്നും വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ആനകള്‍ക്ക് രേഖകളുണ്ടെന്നുമാണ് ആന ഉടമകളുടെ സംഘടനയുടെ വാദം.