നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയിൽ എന്.ഐ.എ കോടതി ഇന്ന് വിധി പറയും. പ്രതികളിൽ ചിലർക്ക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായാണ് എൻ.ഐ.എ കോടതിയെ അറിയിച്ചിട്ടുള്ളത്. ഇന്ന് 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയാനിരിക്കയാണ് എന്.ഐ.എ ഇന്നലെ ഗുരുതരമായ ആരോപണങ്ങൾ പ്രതികൾക്കെതിരെ ഉന്നയിച്ചത്. സ്വർണക്കടത്ത് കേസിലെ അഞ്ച്,13 പ്രതികളായ
കെ.ടി.റമീസ്, ഷറഫുദ്ദീൻ എന്നിവർ ടാൻസാനിയയയിലേക്ക് പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ തോക്കുകൾ വിൽക്കുന്ന കടകൾ ഇരുവരും സന്ദർശിച്ചിരുന്നു. ടാൻസാനിയയിൽ ആയിരിക്കുമ്പോൾ റമീസ് വജ്ര വ്യാപാരത്തിനായി ലൈസൻസ് വാങ്ങാൻ ശ്രമിച്ചതായും പിന്നീട് യു.എ.ഇയിലേക്ക് സ്വർണം കടത്തി. ഈ സ്വർണം യു.എ.ഇയിൽ നിന്ന് കേരളത്തിലേക്കും കൊണ്ടുവന്നു. ടാൻസാനിയയിലെ ഡി-കമ്പനിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരനാണ്.
റമീസിന് ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും എൻ.ഐ.എ കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ, പ്രധാന പ്രതി സ്വപ്നയുടെ മൊബൈൽ ഫോണിൽ നിന്ന് സാക്കിർ നായിക്കിന്റെ ഫോട്ടോയും വിദേശ, ഇന്ത്യൻ ഉൾപ്പെടെയുള്ള കറൻസികളുടെ ബണ്ടിലുകളുടെ ഫോട്ടോകളും കണ്ടെത്തിയതായും ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നും എൻ.ഐ.എ പറയുന്നു. പ്രതികളുടെ തീവ്രവാദ ബഡം സംബദ്ധിച്ച് കോടതി തെളിവുകൾ ചോദിച്ചിരുന്നു. ഇതേ തുടർന്നാണ് എന്.ഐ.എയുടെ വിശദീകരണം.