കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ ചാണ്ടി. നാലു ദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെ.എം. മാണി യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്‍ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന് ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കുകയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരളരാഷ്ട്രീയത്തില്‍ കെ.എം. മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഐഎം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. വ്യാജ ആരോപണങ്ങള്‍കൊണ്ട് മൂടി. മാണി സാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തില്‍ സിപിഐഎമ്മിനെതിരേ യുഡിഎഫ് ശക്തമായി പോരാടി. അപവാദങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും അഗ്‌നിശുദ്ധി വരുത്തി പുറത്തുവരാന്‍ യുഡിഎഫ് മാണിസാറിനൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ട് എടുത്ത ഈ തീരുമാനം കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചനയാണ്. മാണി സാറിന്റെ ആത്മാവ് പൊറുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.