Kerala

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായി മാറിയെന്ന് കോടിയേരി

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ രാഷ്ട്രീയ ആയുധമായി മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലൈഫ് പദ്ധതിയിലെ സി.ബി.ഐ ഇടങ്കോലിടലിന് പിന്നില്‍ ഇതാണ്. തൃശൂരിലെ സനൂപിന്‍റെ കൊലപാതകികളെ ന്യായീകരിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ വാദം ഉന്നയിക്കുന്നു. സി.പി.എം തിരിച്ചടിക്കാത്തത് പ്രതികരിക്കാനുള്ള ശക്തി നഷ്ടപ്പെട്ടത് കൊണ്ടല്ലെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി. ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം. കൊലപാതക രാഷ്ട്രീയമുന്നണി എന്ന തലക്കെട്ടിലാണ് കോടിയേരിയുടെ ലേഖനം.

കേരളത്തില്‍ എല്‍.ഡി.എഫിനെതിരെ കൊലയാളി രാഷ്ട്രീയ മുന്നണി രൂപപ്പെട്ടിരിക്കുകയാണ്. തൃശൂരിലെ സനൂപ് അടക്കം നാല്‍പ്പത് ദിവസത്തിനിടെ നാല് ചെറുപ്പക്കാരെയാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധ അക്രമിസംഘം കശാപ്പ് ചെയ്തത്. ഈ സംഭവങ്ങളെല്ലാം സമാനമാണ്. കൂടാതെ ആര്‍.എസ്.എസ് -ബി.ജെ.പി- കോണ്‍ഗ്രസ്- മുസ്‍ലിം ലീഗ്, കൊലയാളികളെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടുമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണം ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതിന്‍റെ താക്കോല്‍ നായകന്മാര്‍ സത്യത്തില്‍ നരേന്ദ്രമോദിയും അമിത്ഷായുമാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

ഇക്കൂട്ടരുടെ ഗ്രാന്‍റ് ഡിസൈനാണ് ഈ കോവിഡ് കാലത്തും സര്‍ക്കാരിനെതിരെ പുത്തന്‍രീതിയില്‍ വിമോചനസമരത്തെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. ഇതിനായി നയതന്ത്ര ബാഗേജിലെ സ്വര്‍ക്കടത്തും കേന്ദ്ര ഏജന്‍സികളുടെ വരവും രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. കേന്ദ്ര ഏജന്‍സി കേന്ദ്ര ഭരണകക്ഷിയുടെ രാഷ്ട്രീയ ആയുധമായി മാറി എന്നാണ് ലൈഫ് പദ്ധതിയിലെ സിബിഐയുടെ ഇടങ്കോലിടല്‍ വ്യക്തമാക്കുന്നത്. അതിന് ഒരു പങ്ക് മാധ്യമങ്ങളും കൂട്ടുചേര്‍ന്നിരിക്കുന്നുവെന്നും കോടിയേരി ലേഖനത്തിലൂടെ വിമര്‍ശിക്കുന്നു.