ചൈനയുടെ ടെലികോം ഭീമൻ ഹുവാവേയ്‌ക്കെതിരായി അന്താരാഷ്ട്ര തിരിച്ചടി നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ കരാർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5ജി ടെക്നോളജി തുടങ്ങിയ സുപ്രധാന സാങ്കേതിക വിദ്യകളുടെ രംഗത്ത് ഇന്ത്യ-ജപ്പാൻ സഹകരണത്തിനു ധാരണ. പതിമൂന്നാമത് ഇന്ത്യ-ജപ്പാൻ വിദേശകാര്യ കൂടിക്കാഴ്ചയിലാണ് സാങ്കേതിക രംഗത്തെ സഹകരണത്തിന് ധാരണയായത്. 5 ജി, ഇൻറർനെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(നിർമിത ബുദ്ധി ) (എ.ഐ) എന്നീ മേഖലയിൽ സഹകരണത്തിന് തയാറാകുന്ന സൈബർ സുരക്ഷാ കരാറിനാണ് ഇരുരാജ്യങ്ങളും അന്തിമരൂപം നൽകിയത്
5ജി സാങ്കേതികവിദ്യയുൾപ്പടെയുള്ള രംഗത്തെ സഹകരണത്തിന്റെ വിശദമായ വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ചൈനയുടെ ടെലികോം ഭീമൻ ഹുവാവേയ്‌ക്കെതിരായ അന്താരാഷ്ട്ര തിരിച്ചടി നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ കരാർ. ചൈനീസ് കമ്പനിയായ ഹുവാവേയെ 5 ജി സേവനങ്ങളിൽനിന്ന് മാറ്റിയതിനെത്തുടർന്നാണ് ജപ്പാനുമായി ഈ മേഖലയിൽ സഹകരണത്തിനു ഇന്ത്യ ലക്ഷ്യമിടുന്നത്.
ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി ജാപ്പനീസ് കമ്പനികൾ 5 ജി സേവനങ്ങൾ ഉപഭോഗ്താക്കളിലേക്ക് എത്തിക്കാൻ തയ്യാറെടുക്കുന്നതിലും ഇപ്പോഴത്തെ കരാർ പ്രാധാന്യമർഹിക്കുന്നു.
വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ജാപ്പനീസ് വിദേശകാര്യമന്ത്രി തോഷിമിതു മൊടേഗിയും ടോക്കിയോയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനും തീരുമാനമായിട്ടുണ്ട്.