India National

ഡല്‍ഹി കലാപക്കേസ്; പ്രതികള്‍ക്ക് ആര്‍.എസ്.എസ് സഹായം ലഭിച്ചെന്ന് ഡിജിറ്റല്‍ രേഖ

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തില്‍ ആര്‍.എസ്.എസിനെതിരെ പരാമർശം. ആർ.എസ്എസിന്റെ സഹായം ലഭിച്ചെന്ന് പ്രതികളിലൊരാളുടെ വാട്സ്ആപ്പ് സന്ദേശം കുറ്റപത്രത്തിലുണ്ട്. ഖട്ടർ ഹിന്ദു ഏക്ത എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴി മതസ്പർദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഗോകുല്‍ പുരിയിലെ ഹാഷിം അലി, സഹോദരന്‍ അമീർ ഖാന്‍ എന്നിവരടക്കം ഒമ്പത് പേർ കൊല്ലപ്പെട്ട കേസിലെ കുറ്റപത്രത്തിലാണ് ആര്‍.എസ്.എസിനെതിരായ പരാമർശം ഉള്ളത്. ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് പുരുഷോത്തം പതകിന് മുമ്പാകെ സെപ്തംബർ 26നാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസില്‍ 11 പ്രതികളില്‍ ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവർ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരുടെ വാട്സ്ആപ്പ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് ആർ.എസ്.എസിന്റെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഫെബ്രുവരി 25ന് ഖട്ടർ ഹിന്ദു ഏക്ത എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴി മതസ്പർദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചു, കലാപത്തിന് ആർഎസ്എസിന്റെ സഹായം ലഭിച്ചെന്നും പ്രതികളിലൊരാളുടെ സന്ദേശമുണ്ട്. കപില്‍ മിശ്രയുടെ പ്രസ്താവന ഗ്രൂപ്പില്‍ ചർച്ച ചെയ്തു, മുസ്‌ലിം വിഭാഗത്തിനെതിരെ ആക്രമണം നടത്താന്‍ ഗ്രൂപ്പില്‍ ഗൂഢാലോചന നടന്നു എന്നിങ്ങനെയാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ആനി രാജ എന്നിവരെ ഉള്‍പ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.