India National

പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ല; ശാഹീൻ ബാഗ് സമരത്തെ വിമര്‍ശിച്ച് സുപ്രീംകോടതി

പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി. റോഡ് കയ്യേറിയുള്ള ശാഹീൻ ബാഗ് മോഡല്‍ പൗരത്വ സമരത്തിനെതിരെ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി. റോഡ് കയ്യേറിയുള്ള ശാഹീൻ ബാഗ് മോഡല്‍ പൗരത്വ സമരത്തിനെതിരെ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. തെരഞ്ഞടുക്കപ്പെട്ട സ്ഥലങ്ങളില്‍ പ്രതിഷേധിക്കാമെന്നും പൊതുസ്ഥലം കയ്യേറുന്നില്ലെന്ന് ഭരണകൂടം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. പ്രതിഷേധവും ജനാധിപത്യ സംവിധാനങ്ങളും കൈകോര്‍ത്ത് പോകേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.

പൊതുസ്ഥലങ്ങളിൽ അനിശ്ചിതകാലത്തേക്ക് സമരങ്ങൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ്.കെ കൗൾ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശാഹീൻ ബാഗിലും ഡൽഹിയിലെ വിവിധ സ്ഥലങ്ങളിലും നടന്ന റോഡ് സ്തംഭിപ്പിച്ചുള്ള സമരത്തിനെതിരെ ബി.ജെ.പി നേതാവായ അഭിഭാഷകൻ അമിത് സാഹിനിയാണ് ഹരജി നൽകിയിരുന്നത്.

പൗരത്വ നിയമ ഭേദഗതിയുടെ നിയമസാധുതയിൽ തീരുമാനം ആയിട്ടില്ല, ഭേദഗതിക്കെതിരെ അനുകൂലമായും പ്രതികൂലമായും വാദങ്ങളുണ്ട്, ഈ സാഹചര്യത്തിൽ പ്രതിഷേധം സ്വാഭാവികമാണ്, പ്രതിഷേധവും ജനാധിപത്യസംവിധാനവും കൈകോര്‍ത്ത് പോകേണ്ടതാണ്, എന്നാൽ പൊതുസ്ഥലങ്ങൾ കൈയ്യേറി അനിശ്ചിതകാലത്തേക്ക് സമരം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

എന്നാൽ ശാഹീൻ ബാഗിലെ സമരം ഒഴിപ്പിക്കുന്നതിൽ പൊലീസിനെയും കോടതി വിമര്‍ശിച്ചു. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കേണ്ടത് ബന്ധപ്പെട്ട ഏജൻസികളുടെ ഉത്തരവാദിത്വമാണ്. കോടതി വിധിയുടെ മറ തേടുന്നത് ശരിയല്ല. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് പ്രതിഷേധങ്ങൾ നടത്തേണ്ടതെന്നും കോടതി ഉത്തരവിട്ടു.