ലോകത്ത് ഏറ്റവും കൂടുതൽ മിനിമം വേതനം ജോലിക്കാർക്ക് നൽകുന്ന രാജ്യമാകാൻ സ്വിറ്റ്സർലാൻഡ്. മണിക്കൂറിന് 23 സ്വിസ് ഫ്രാങ്ക്(25ഡോളർ)കൂലി നൽകാനാണ് തീരുമാനം. അചായത് അതായത് ശരാശരി 1,839രൂപ. ദാരിദ്രത്തിനെതിരെ പോരാടുക, സാമൂഹിക സമന്വയത്തെ അനുകൂലിക്കുക, മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിട്ടാണ് സർക്കാർ ഇങ്ങനൊരു തീരുമാനമെടുത്തത്.
പുതുക്കിയ വേതന വ്യവസ്ഥയോട് യോജിച്ച് ജനീവ നഗരത്തിൽ ഉൾപ്പെടെയുള്ളവർ അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് അടുത്തമാസ ഒന്നുമുതൽ കാന്റണിൽ പുതുക്കിയ വേതനം നിലവിൽവരും. സ്വിറ്റ്സർലാൻഡിലെ ജോലി സമയം അടിസ്ഥാനമാക്കി ആഴ്ചയിൽ 41 മണിക്കൂർ എന്ന കണക്കനുസരിച്ച് പ്രതിമാസം 3,772 സ്വിസ് ഫ്രാങ്കാണ് ലഭിക്കുക. അതായത് 3,01,382 രൂപ.
2020ലെ ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെതന്നെ ഏറ്റവും ചെലവേറിയ പത്താമത്തെ നഗരമാണ് സ്വിറ്റ്സർലാൻഡിലെ ജനീവ. ജനീവയിൽ ഒരുകിലോഗ്രാം റൊട്ടിക്ക് ശരാശരി 2.49 സ്വിസ് ഫ്രാങ്ക്(199 രൂപ)യാണ് വിലയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനം സമ്പദ്ഘടനയെ കാര്യമായി ബാധിച്ചെങ്കിലും സ്വിറ്റ്സർലാൻഡ് ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നാണ്. സ്വിസ് സർക്കാരിന്റെ സാമ്പത്തിക വിദഗ്ധരുടെ വിലിയിരുത്തലനുസരിച്ച് 2020ൽ ജിഡിപി മൈനസ് 6.2ശതമാനമായി താഴുമെന്നും തൊഴിലില്ലായ്മ നിരക്ക് 3.8ശതമാനമാകുമെന്നുമാണ്.